കരുവന്നൂര്‍ ബാങ്ക്; നിക്ഷേപത്തുക തിരിച്ചുകിട്ടാന്‍ മാപ്രാണം ജോഷി ബാങ്കിനു മുന്നില്‍ വസ്ത്രം ഊരി പ്രതിഷേധിച്ചു
കരുവന്നൂര്‍: നിക്ഷേപത്തുക തിരിച്ചുകിട്ടാന്‍ കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധം. മാപ്രാണം വടക്കേത്തല വീട്ടില്‍ ജോഷിയാണ് (54) ഇന്നലെ ഉച്ചയോടെ തന്റെ ബന്ധുക്കളുടെ പേരിലുള്ള സ്ഥിര നിക്ഷേപത്തുക മടക്കിതരണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാവിലുള്ള കരുവന്നൂര്‍ ബാങ്കിന്റെ ഹെഡ് ഓഫീസിലെത്തിയത്. കരുവന്നൂര്‍ ബാങ്കിന്റെ സിഇഒ കെ.ആര്. രാജേഷ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, മോഹന്‍ദാസ് എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും ബന്ധുക്കളുടെ പേരിലുള്ള മുഴുവന്‍ നിക്ഷേപതുകയായ 60 ലക്ഷത്തോളം രൂപ ഒരുമിച്ചുനല്‍കാന്‍ സാധിക്കില്ലെന്ന് ബാങ്ക് നിലപാട് സ്വീകരിച്ചു.
ഇതോടെയാണ് ജോഷി ബാങ്കിനു മുന്നില്‍ മേല്‍വസ്ത്രം ഉരിഞ്ഞുമാറ്റി പ്രതിഷേധിച്ചത്. ഗാന്ധിജിയുടെ സമരമാര്‍ഗമാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും അതിനാലാണ് മേല്‍വസ്ത്രം ഉരിഞ്ഞുമാറ്റി പ്രതിഷേധിക്കുന്നതെന്നും ജോഷി പറഞ്ഞു. ഭാര്യയുടെയും അമ്മയുടെയും സഹോദരിയുടെയും സഹോദരിയുടെ മകളുടെയും പേരിലായി അറുപതുലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളതെന്നും പണം ചോദിക്കുമ്പോള്‍ പരിഹസിക്കുന്ന നിലപാടാണ് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സ്വീകരിക്കുന്നതെന്നും ഇതു സംബന്ധിച്ച് പതിമൂന്ന് കത്തുകള്‍ അയച്ചതാണെന്നും എംഎല്‍എ യ്ക്കും സഹകരണ വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയിരുന്നുവെന്നും ജോഷി പറഞ്ഞു.
തന്റെ പേരിലുള്ള നിക്ഷേപം തിരികെ തന്ന ഘട്ടത്തില്‍ ബന്ധുക്കളുടെ പേരിലുള്ള നിക്ഷേപം മൂന്നുമാസത്തിനുള്ളില്‍ തരാമെന്ന് ഉറപ്പു തന്നിരുന്നതെന്നും ജോഷി പറഞ്ഞു. മന്ത്രിമാരായ ബിന്ദുവിനും വാസവനും കത്തുകളയച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ജോഷി പറയുന്നു. മുമ്പ് ദയാവധം ആവശ്യപ്പെട്ടും ജോഷി കത്തു നല്‍കിയിരുന്നു. എന്നാല്‍ ബാങ്കിന്റെ സാഹചര്യങ്ങള്‍ കണക്കിലെടുത്തുള്ള പൊതുനയത്തിന്റെ അടിസ്ഥാനത്തിലാണ് തുകകള്‍ തിരിച്ചു നല്‍കുന്നതെന്നും മേയ് മാസത്തില്‍ അഞ്ചേകാല്‍ ലക്ഷം രൂപ ബന്ധുക്കള്‍ക്കായി നല്‍കാമെന്നു പറഞ്ഞപ്പോള്‍ സ്വീകരിച്ചില്ലെന്നും എല്ലാ നിക്ഷേപകര്‍ക്കും തുല്യപരിഗണനയാണ് നല്‍കുന്നതെന്നും ബാങ്ക് സിഇഒ കെ.ആര്. രാജേഷ്, കമ്മിറ്റി അംഗങ്ങളായ എ.എം. ശ്രീകാന്ത്, പി.പി. മോഹന്‍ദാസ് എന്നിവര്‍ വിശദീകരിച്ചു.
270 കോടി രൂപയാണ് നിക്ഷേപര്‍ക്ക് മടക്കി നല്‍കാനുള്ളത്. 382 കോടി രൂപ ലഭിക്കനുണ്ട്. 109 കോടി രൂപ കമ്മിറ്റി വന്നതിനുശേഷം തിരിച്ചുപിടിച്ചിട്ടുണ്ടെന്നും 130 കോടി രൂപ നിക്ഷേപകര്‍ക്ക് കൊടുത്തു കഴിഞ്ഞിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം ഈ വിഷയം ഉന്നയിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ സമരപരിപാടികള്‍ നടന്നിട്ടില്ല. ഇതോടെ അന്വേഷണവും മന്ദഗതിയിലാണ്.