മണ്ണിടിച്ചില്‍ ഭീഷണി; മുസാഫരിക്കുന്ന് സന്ദര്‍ശിച്ച് എന്‍ഡിആര്‍എഫ് സംഘം
- അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പരിശോധന
- മുകുന്ദപുരം താലൂക്കില്‍ മുസാഫരിക്കുന്ന് മാത്രമാണ് സംഘം സന്ദര്‍ശിച്ചത്
കരൂപ്പടന്ന: ജില്ലാ ഭരണകൂടം അതിജാഗ്രത പുലര്‍ത്തേണ്ട പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുകുന്ദപുരം താലൂക്ക് തെക്കുംകര വില്ലേജിലെ കരൂപ്പടന്ന മുസാഫരിക്കുന്നില്‍ ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങള്‍ (എന്‍ഡിആര്‍എഫ്) സന്ദര്‍ശിച്ചു. പ്രശാന്ത് ചീനാത്തിന്റെ നേതൃത്വത്തിലുള്ള ആറുപേരാണ് സന്ദര്‍ശനം നടത്തിയത്. വര്‍ഷങ്ങളായി മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശമാണിത്.
ശക്തമായ മഴയുണ്ടായാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാനും നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനുമാണ് സംഘം എത്തിയത്. നാട്ടുകാരില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും ജനപ്രതിനിധിയില്‍നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞാണ് സംഘം മടങ്ങിയത്. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെല്ലുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കുമെന്ന് അറിയിച്ചതായി ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ആര്. രേഖ പറഞ്ഞു.
2008 ലാണ് പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടാകുന്നത്. 2018ലെ പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ കനത്തമഴയില്‍ വീണ്ടും വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുകയും ഭീഷണി നേരിടുന്ന കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 2019 ലെ കനത്ത മഴയില്‍ മണ്ണിടിച്ചില്‍ രൂക്ഷമാകുകയും അന്നത്തെ കളക്ടര്‍ എസ്. ഷാനവാസ് സ്ഥലം സന്ദര്‍ശിക്കുകയും അപകടാവസ്ഥയിലുള്ള കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇതനുസരിച്ച് കൂടുതല്‍ അപകടാവസ്ഥയിലുള്ള അഞ്ചു കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം അനുവദിച്ചു. പിന്നീട് അതീവ ജാഗ്രത പുലര്‍ത്തേണ്ട പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അപകട സാധ്യത നിലനില്‍ക്കുന്ന 21 കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കാനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘത്തോടൊപ്പം ഡപ്യൂട്ടി തഹസില്‍ദാര്‍ കെ.ആര്. രേഖ, തെക്കുംകര വില്ലേജ് ഓഫീസര്‍ സി.എ. വിനോദ്, വില്ലേജ് അസിസ്റ്റന്റ് പി.ഡി. മുകേഷ്, വാര്‍ഡംഗം എം.എച്ച്. ബഷീര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പം മുസാഫരിക്കുന്നിലെത്തി നിലവിലെ അവസ്ഥയെക്കുറിച്ച് വിശദീകരിച്ചു.