കോടതി വിധികള്‍ അവഗണിച്ച് ആര്‍എസ്എസ് വിധേയരെ വിസിമാരാക്കുന്നു, ഗവര്‍ണറുടേത് ഏകപക്ഷീയ തീരുമാനം- മന്ത്രി ആര്. ബിന്ദു

മന്ത്രി ഡോ. ആര്. ബിന്ദു.
ഇരിങ്ങാലക്കുട: വൈസ് ചാന്‍സലര്‍ നിയമനം ഗവര്‍ണറുടെ ഏകപക്ഷീയ തീരുമാനമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. കോടതി വിധികള്‍ അവഗണിച്ച് ആര്.എസ്.എസ് വിധേയരെ വി.സിമാരാക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഗവര്‍ണറുടെ വിസി നിയമനം ചട്ടം ലംഘിച്ചും കോടതി വിധിയെ കാറ്റില്‍പ്പറത്തിയുമാണ്. സര്‍വകലാശാലകളില്‍ സര്‍ക്കാരിന് റോളില്ലെന്ന് വരുത്തുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ നിര്‍ദേശമാണ് ഗവര്‍ണര്‍മാര്‍ പാലിക്കാറുള്ളത്. അക്കാദമിക് യോഗ്യതയുള്ളവരാണ് വി.സിമാര്‍ ആകേണ്ടത്. സര്‍ക്കാരുമായി ആലോചിച്ചുവേണം വിസി നിയമനം നടത്താന്‍ എന്ന് കോടതി വിധിയുള്ളതാണ്. പക്ഷേ ഗവര്‍ണര്‍ ഏകപക്ഷീയമായി നിയമനം നടത്തി. ഇതുമായി ബന്ധപ്പെട്ട് നിയമ ഉപദേശം തേടി.
വിഷയത്തില്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്കിയ പാനലില്‍ നിന്നും നിയമനം നടത്തുകയാണ് ജനാധിപത്യപരമായ മര്യാദ. ചട്ടപ്രകാരം കാര്യങ്ങള്‍ നടപ്പിലാക്കിയാല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകില്ല. എല്ലാവരും അവരവര്‍ക്ക് നിര്‍വഹിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ ചെയ്യണം. ഇല്ലാത്ത അധികാരം സര്‍വകലാശാലയില്‍ ഉപയോഗിക്കുകയാണോ എന്നും മന്ത്രി ചോദിച്ചു. നമ്മുടെ സര്‍വകലാശാലകള്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുപോകുകയും ലോകോത്തര നിലവാരത്തിലേക്ക് നമ്മുടെ സര്‍വകലാശാലകള്‍ വളരുന്ന ഘട്ടവുമാണ്. അപ്പോഴാണ് ആര്‍ആര്‍എസ്എസ് അനുഭാവമുള്ള അക്കാദമിക് മികവില്ലാത്ത വൈസ്ചന്സലര്മാരെ തന്നിഷ്ടത്തോടെ ഗവര്‍ണര്‍ നിയമിക്കുന്നതെന്നു മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ട്. സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണറെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.