ഭരണം ദുര്ഭരണമാക്കിയ മുനിസിപ്പാലിറ്റിയാണ് ഇരിങ്ങാലക്കുടയെന്ന്- ടി.കെ. സുധീഷ്

നഗരസഭയിലെ ദുര്‍ഭരണത്തിനെതിരെ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നഗരസഭ ഭരണം കൈകാര്യം ചെയ്യുന്ന യുഡിഎഫ് നേതൃത്വം വളരെ ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തുന്നവരാണെന്ന് എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ്. നഗരസഭയിലെ ദുര്‍ഭരണത്തിനെതിരെ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറെ കാലങ്ങളായിട്ട് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയാണ്. ഉദ്ഘാടനം മാമാങ്കം നടക്കുകയല്ലാതെ പി.കെ. ചാത്തന് മാസ്റ്റര്‍ ഹാളും ഷീ ലോഡ്ജും ടേക്ക് എ ബ്രേക്കും ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ കഴിയാത്തത് ഭരണത്തിന്റെ കഴിവുകേടാണ്.
ക്രൈസ്റ്റ് കോളജ് റോഡ്, സണ്ണി സില്‍സ് റോഡ്, ബൈപ്പാസ് റോഡിലൂടെ വാഹനമാണ് പോകേണ്ടത് വഞ്ചിയാണോ ബോട്ടാണോ പോകേണ്ടത് എന്നുള്ളത് സംശയമാണ് ജനങ്ങള്‍ക്കെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയറ്റ് അംഗങ്ങളായ അനിതാ രാധാകൃഷ്ണന്, കെ.കെ. ശിവന്, കെ.എസ്. ബൈജു, കെ.എസ്. പ്രസാദ്, കൗണ്‍സിലര്‍മാരായ അല്‍ഫോണ്‍സ തോമസ്, അഡ്വ. ജിഷ ജോബി, ഷെല്ലി വില്‍സണ്‍, രാജി കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. പി.ജെ. ജോബി സ്വാഗതവും ബെന്നി വിന്‍സെന്റ് നന്ദിയും പറഞ്ഞു.