കന്യാസ്ത്രീകളുടെ അറസ്റ്റ്, ഇരിങ്ങാലക്കുടയില്‍ പ്രതിഷേധമിരമ്പി

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ നടന്ന പ്രതിഷേധറാലി.
നൂറുകണക്കിനു വൈദികരും കന്യാസ്ത്രീകളും പ്രതിഷേധ റാലിയില്‍ അണിനിരന്നു
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കപ്പെടണം: മോണ്‍. ജോളി വടക്കന്‍
ഇരിങ്ങാലക്കുട: ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്ന ഭാരതത്തില്‍ ഓരോ ഭാരതീയനും കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍. ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡില്‍ രണ്ട് മലയാളി സന്യാസിനിമാര്‍ക്ക് നേരെ ബജ്റംഗ്ദള്‍ വര്‍ഗീയ തീവ്രവാദികള്‍ ആള്‍ക്കൂട്ട വിചാരണയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അന്യായമായ അറസ്റ്റും നടപ്പിലാക്കിയ വിഷയത്തില്‍ ഭാരത സര്‍ക്കാരും ഛത്തീസ്ഗഡ് സര്‍ക്കാരും തുടരുന്ന സംശയകരമായ നിഷ്ക്രിയത്വം ഉപേക്ഷിക്കണം.

രാജ്യത്തിന്റെ ഭരണഘടനയെയും ഭാരതീയന്റെ പൗരാവകാശങ്ങളെയും സംരക്ഷിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കാതെ നിഷ്ക്രിയരായി തുടരുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ ഭയത്തോടുകൂടെ മാത്രമേ പൊതുജനത്തിന്, പ്രത്യേകിച്ച് ന്യൂനപക്ഷ ജനവിഭാഗത്തിന് മനസിലാക്കാന്‍ കഴിയൂ. ഭരണനേതൃത്വത്തിന്റെ മതപീഡനത്തില്‍ മനം നൊന്ത് ഗതികെട്ടിട്ടാണ് ഈ അരമന മുറ്റത്ത് പ്രതിഷേധിക്കാന്‍ ഒത്തുകൂടേണ്ടിവന്നത്. വര്‍ഗീയതയെ ആയുധമാക്കി ഭരണഘടനാ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബജ്റംഗ്ദള്‍ ഉള്‍പ്പടെയുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഭാരതത്തില്‍ നിരോധിക്കണം.
ക്രൈസ്തവ സമൂഹവും മിഷണറിമാരും ഈ ഭാരത മണ്ണിന് നല്കിയ വിലമതിക്കാനാകാത്ത നന്മകളെ ഓര്‍ക്കണമെന്നും ഇക്കാര്യത്തില്‍ സമൂഹ മനസാക്ഷി ഉണരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട രൂപത മന്ദിരത്തില്‍ വച്ച് പ്രതിഷേധ റാലി രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ഫല്‍ഗ് ഓഫ് ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, സിആര്‍ഐ പ്രസിഡന്റ് ഫാ. ജോയ് വട്ടോളി, രൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡേവിസ് ഊക്കന്‍, സിസ്റ്റര്‍ ധന്യ, സിസ്റ്റര്‍ അനറ്റ് മേരി എന്നിവര്‍ പ്രസംഗിച്ചു.

ബിഷപ്സ് ഹൗസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയില്‍ സിസ്റ്റേഴ്സും വൈദികരും അത്മായരും ഉള്‍പ്പടെ ആയിരത്തിലധികം പേര് പേര് പങ്കെടുത്തു. പ്രതിഷേധ മൗന റാലി നഗരം ചുറ്റി ഠാണാവിലൂടെ കത്തീഡ്രല്‍ പള്ളിയില്‍ സമാപിച്ചു. വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. റാലിക്ക് കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറര്‍ ആന്റണി എല്‍. തൊമ്മാന, ഗ്ലോബല്‍ സെക്രട്ടറി പത്രോസ് വടക്കുംചേരി, പിആര്‍ഒ ഷോജന്‍ വിതയത്തില്‍, ടെല്‍സണ്‍ കോട്ടോളി, കത്തീഡ്രല്‍ യൂണിറ്റ് പ്രസിഡന്റ് സാബു കൂനന്‍, ജോസഫ് തെക്കൂടന്‍, റീന ഫ്രാന്‍സിസ്, സി.ഐ. പോള്‍, ഡേവിസ് തെക്കിനിയത്ത് എന്നിവര്‍ നേതൃത്വം നല്കി.
