ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; മാപ്രാണം ചാത്തന് മാസ്റ്റര്‍ ഹാളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല

മാപ്രാണം ചാത്തന് മാസ്റ്റര്‍ ഹാള്‍.
ഇരിങ്ങാലക്കുട: നിര്‍മ്മാണത്തിനായി നഗരസഭ ചെലവഴിച്ചത് പട്ടികജാതി ഫണ്ടില്‍ നിന്നുള്ള മൂന്നരക്കോടി രൂപ. ഉദ്ഘാടനം നിര്‍വഹിച്ചത് 2023 ഏപ്രില്‍ 22 ന് അന്നത്തെ പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്. രണ്ട് നിലകളിലായി 12000 ചതുരശ്ര അടിയില്‍ ഒരേ സമയം 800 പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍ മുന്‍മന്ത്രി പി.കെ. ചാത്തന് മാസ്റ്ററുടെ പേരില്‍. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മാപ്രാണത്ത് ഉള്ള പി.കെ. ചാത്തന് മാസ്റ്റര്‍ ഹാളില്‍ നിന്നുള്ള കാഴ്ചകള്‍ ഇങ്ങനെ- ചോര്‍ന്ന് തുടങ്ങിയിരിക്കുന്ന കെട്ടിടം. ശുദ്ധീകരിക്കാത്തതും ഇപ്പോള്‍ കാട് പിടിച്ച് കിടക്കുന്നതുമായ കിണര്‍. ഹാളിനുള്ളില്‍ 250 കസേരയും 15 മേശയും മാത്രം. അടുക്കള സങ്കല്പം മാത്രം.
ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയിട്ടുള്ള ജനറേറ്റര്‍ മഴയും വെയിലും എല്ക്കുന്ന അവസ്ഥയില്‍. ഹാളിന് ഇനിയും മതില് നിര്‍മ്മിച്ചിട്ടുമില്ല. 22500 രൂപ വാടക കൊടുത്ത് ഹാള്‍ കല്യാണത്തിന് എടുക്കുന്നവര്‍ വെള്ളവും മേശയും കസേരകളും ഭക്ഷണവും പുറത്ത് നിന്ന് കൊണ്ട് വരണം. പാര്‍ക്കിംഗിന് നാമമാത്രമായ സ്ഥല സൗകര്യം. മഴ കനത്താല്‍ പാര്‍ക്കിംഗ് പ്രദേശവും വെള്ളക്കെട്ടില്‍. കല്യാണത്തിനായി എത്തുന്ന സ്വകാര്യ ബസുകള്‍ സംസ്ഥാനപാതയില്‍ പാര്‍ക്ക് ചെയ്യണം. – ലക്ഷങ്ങളും കോടികളും ചെലവഴിച്ച് നിര്‍മ്മിക്കുകയും ഉദ്ഘാടന മാമാങ്കങ്ങള്‍ കഴിഞ്ഞാല്‍ ലക്ഷ്യങ്ങള്‍ നിവേറ്റാത്ത നഗരസഭയുടെ പദ്ധതികളുടെ പട്ടികയിലേക്ക് ചാത്തന് മാസ്റ്റര്‍ ഹാളിനെയും ചേര്‍ത്ത് വയ്ക്കാവുന്ന അവശതയിലാണ്.
ഹാള്‍ യാഥാര്‍ഥ്യമാക്കാന്‍ പൊരുതിയ കെപിഎംഎസ് ഹാളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിക്കഴിഞ്ഞു. ഹാളിന്റെ നടത്തിപ്പിനായുള്ള മോണിറ്ററിംഗ് കമ്മിറ്റിയില്‍ മൂന്ന് എസ്സി പ്രതിനിധികളെ ഉള്‍പ്പെടുത്താമെന്ന് 2016 ജനുവരി 29 ന് ചേര്‍ന്ന കൗണ്‍സില്‍ തീരുമാനം ഇത് വരെ നടപ്പിലായിട്ടില്ലെന്നും ഹാള്‍ സന്ദര്‍ശിച്ച കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം പി.സി. രഘു, ഭാരവാഹികളായ രഞ്ജിത്ത്, കെ.സി. രാജീവ്, വി.എം. ലളിത, പി.സി. ചന്ദ്രന്, രാജേഷ് എന്നിവര്‍ വ്യക്തമാക്കുന്നുണ്ട്.
