ഭര്‍ത്താവിന്റെ ഉപദ്രവം; ഗര്‍ഭിണിയായ 23 കാരി ജീവനൊടുക്കി, അവസാന വാട്സാപ്പ് സന്ദേശം പുറത്ത്

നൗഫല്‍, റംല.
ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണി ജീവനൊടുക്കി. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് കരൂപ്പടന്ന നെടുങ്കാണത്തുകുന്ന് വലിയകത്ത് വീട്ടില്‍ നൗഫല്‍ (30), ഭര്‍തൃമാതാവ് റംല (58) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാമത് ഗര്‍ഭിണിയായതിന്റെ പേരില്‍ യുവതിയെ ഇവര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടിവയറ്റില്‍ ചവിട്ടേറ്റ പാടുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ ഉപദ്രവമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കാട്ടി ഫസീല അവസാനമായി മാതാവിന് അയച്ച സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് നൗഫലിനെയും ഭര്‍തൃമാതാവ് റംലയേയും ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തത്. നൗഫലിനും മാതാവിനുമെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണക്കുറ്റം എന്നിവയടക്കമുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫസീലയും ഭര്‍ത്താവും ഭര്‍തൃമാതാവും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടയിലാണ് ഭര്‍ത്താവ് യുവതിയെ ഉപദ്രവിച്ചത്. ഇതില്‍ മനംനൊന്താണ് യുവതി വീടിന്റെ ടെറസിലെത്തി ജീവനൊടുക്കിയത്.
നൗഫലും മാതാവും ഫസീലയെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഈ വിവരം നൗഫല്‍ ഫസീലയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ കുടുംബം നൗഫലിനും കുടുംബത്തിനുമെതിരെ പരാതി നല്‍കുകയായിരുന്നു. ഗര്‍ഭിണിയായ തന്നെ വയറ്റില്‍ ചവിട്ടിയെന്നും നിരന്തരം മര്‍ദിക്കുമായിരുന്നു എന്നുമാണ് ഫസീല ഉമ്മയ്ക്കയച്ച വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നത്. ഭര്‍തൃമാതാവ് തെറി വിളിച്ചുവെന്നും അവര്‍ തന്നെ കൊല്ലുമെന്നും ഫസീല പറയുന്നുണ്ട്.
ആത്മഹത്യയ്ക്ക് പിന്നാലെ പോലീസില്‍ പരാതി നല്കിയ ഫസീലയുടെ കുടുംബത്തോട് നൗഫലിന്റെ വീട്ടുകാര്‍ വളരെ മോശമായാണ് സംസാരിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഫസീലയുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷവും ഒമ്പത് മാസവുമേ ആയിട്ടുള്ളു. ദമ്പതികള്‍ക്ക് മുഹമ്മദ് സെയാന്‍ എന്ന് പത്ത് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗര്‍ഭിണിയായിരുന്നു എന്ന വിവരം മരിക്കാന്‍ പോകുന്നുവെന്ന സന്ദേശം വന്നപ്പോഴാണ് വീട്ടുകാര്‍ അറിഞ്ഞത്. കൊടുങ്ങല്ലൂര്‍ കോതപറമ്ില് വാടകയ്ക്ക് താമസിക്കുന്ന പതിയാശേരി സ്വദേശി കാട്ടുപറമ്പില്‍ വീട്ടില്‍ അബ്ദുള്‍ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ഫസീല.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. സംസ്കാരം നടത്തി. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ആ.കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി സുരേഷ്, ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ എം.എസ് ഷാജന്, എസ്.ഐ മാരായ പി.ആര് ദിനേഷ് കുമാര്‍, സുമല്‍, പ്രസാദ്, ഇ.യു സൗമ്യ, ജി.എ.എസ്.ഐ മാരായ ഗോപകുമാര്‍, എം.എസ് സീമ, ജി.എസ്.സി.പി.ഒ മാരായ ജീവന്, ഉമേഷ്, എന്‍.സി ശരത്ത്, സി.പി.ഒ. മാരായ എം.എം ഷാബു, എം.ആര് അഖില്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
