അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇരട്ടത്താപ്പ് ഒഴിവാക്കണം-മന്ത്രി ഡോ. ആര്. ബിന്ദു

മന്ത്രി ഡോ. ആര്. ബിന്ദു.
ഇരിങ്ങാലക്കുട: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെയും മോചനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇരട്ടത്താപ്പ് ഒഴിവാക്കി ഇടപെടണമെന്ന് ഉന്നത വിധ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ആവശ്യപ്പട്ടു.സാമൂഹ്യസേവനത്തിന് ജീവിതം ഉഴിഞ്ഞിട്ടു പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീകളായ ഇവരെ മതപരിവര്‍ത്തനത്തിനു ശ്രമിച്ചെന്ന ആക്ഷേപം ദുരുപയോഗിച്ചുകൊണ്ട് കുറ്റവാളികളായി ചിത്രീകരിച്ച് കേസില്‍ കുടുക്കിയത് ഏറ്റവും അപലപനീയമാണ്.
ക്രൈസ്തവവിശ്വാസികളാണ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവരെന്നു മാത്രമല്ല, ജോലി ആവശ്യത്തിനാണ് പെണ്‍കുട്ടികള്‍ കന്യാസ്ത്രീകള്‍ക്കൊപ്പം യാത്രതിരിച്ചതെന്നും പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ത്തും മുന്‍വിധിയോടെയാണ് കന്യാസ്ത്രീകള്‍ക്കെതിരെ അതിക്രമം നടന്നതെന്നാണിത് തെളിയിക്കുന്നത്. അത്തരം മുന്‍വിധികള്‍ക്കൊപ്പം ഒരു പോലീസ് സംവിധാനം നിലകൊള്ളുന്നത് ബിജെപി ഭരണത്തിന്റെ യഥാര്‍ഥ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്.
ഒറ്റപ്പെട്ട സംഭവമല്ല ഇത്. ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന തരത്തിലുള്ള ബീഭത്സത ഒരു ഘട്ടത്തില്‍ രാജ്യത്തെ നടുക്കിയിരുന്നു, അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും സാമൂഹ്യവിരുദ്ധസംഘങ്ങള്‍ പിന്‍വാങ്ങുന്നതല്ല ബിജെപി ഭരണത്തില്‍ കണ്ടത്. പകരം, സമാനമായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതാണ്. ബിജെപി അധികാരത്തിലുള്ള ഇടങ്ങളിലെല്ലാം ക്രൈസ്തവ ആരാധനാലയങ്ങള്‍ ആക്രമിക്കുകയും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ആക്രമണപരമ്പരകള്‍ അരങ്ങേറുകയും ചെയ്യുന്നതാണ് കാണുന്നത്.
പുറമേയ്ക്ക് കൂടെനില്‍ക്കുകയും ഒപ്പംതന്നെ ക്രൈസ്തവജനതയെ വേട്ടയാടുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെ ഏവര്‍ക്കും തിരിച്ചറിയാനാവണം. പാര്‍ലമെന്റിലടക്കം വിഷയം ഉയര്‍ത്തപ്പെട്ടിട്ടും ന്യായത്തിനുവേണ്ടി ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അറസ്റ്റിലായ കന്യാസ്തീകളെ മോചിപ്പിക്കാനും കള്ളക്കേസ് ഒഴിവാക്കാനും വേണ്ടതുചെയ്യല് കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. അതിനവരെ നിര്ബന്ധിതരാക്കാന് കേരളത്തിന്റെ സമൂഹമനസ്സാക്ഷിക്കൊപ്പം സഭാനേതൃതവും നിലകൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു.