പട്ടികജാതി വികസന മന്ദിരം ഉദ്ഘാടനം കഴിഞ്ഞിട്ട് 15 വര്‍ഷം, വെള്ളമോ വെളിച്ചമോ ഇല്ല
പട്ടികജാതിക്കാരുടെ വാണിജ്യ സ്വപ്നം കാടുകയറിയ നിലയില്‍
അധികാര നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയില്‍ നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍
ഇരിങ്ങാലക്കുട: ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് പട്ടികജാതി വിഭാഗത്തിനായി നിര്‍മിച്ച വികസന മന്ദിരം ഉപയോഗ്യമല്ലാതെ നശിക്കുന്നു. ഇരിങ്ങാലക്കുട ഠാണാ കോളനിയിലാണു പട്ടികജാതി ഫണ്ടുപയോഗിച്ച് പണിത വികസനമന്ദിരം ഉപയോഗ്യമല്ലാതെ അടഞ്ഞു കിടക്കുന്നത്. 15 വര്‍ഷം മുമ്പ് പണികഴിപ്പിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെയും പട്ടികജാതിക്കാര്‍ക്കു ഈ മന്ദിരം ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല. 2005 ആഗസ്റ്റ് 24 നാണു ഉദ്ഘാടനം നടന്നത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മിനി സണ്ണി മാമ്പിള്ളിയായിരുന്നു ഉദ്ഘാടകന്‍. വൈസ് ചെയര്മാന് വര്‍ഗീസ് തൊഴുത്തും പറമ്പില്‍ അധ്യക്ഷനായിരുന്നു. ഇടതുപക്ഷ കൗണ്‍സിലര്‍ ശോഭന മനോദായിരുന്നു അന്നത്തെ വാര്‍ഡ് കൗണ്‍സിലര്‍. വൈദ്യുതിയോ വെള്ളമോ ഈ വികസനമന്ദിരത്തിലില്ല. ഠാണാ കോളനിയില്‍ കുടിവെള്ളത്തിനായി ടാങ്ക് നിര്‍മിച്ചിട്ടുണ്ടെങ്കിലും ടാങ്ക് കാടുപിടിച്ച് ഇഴജീവികളുടെ സങ്കേതമായിരിക്കുകയാണ്. ഈ വികസന മന്ദിരത്തില്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് നഗരസഭയുടെ അനുമതി വാങ്ങാതെ പാര്‍ട്ടി സമ്മേളനം നടത്തിയത് കോളനി നിവാസികളില്‍ എതിര്‍പ്പിനിടയാക്കിയിരുന്നു. ഇത് കൗണ്‍സില്‍ യോഗത്തില്‍ ഏറെ ചര്‍ച്ചക്ക് ഇടവരുത്തിയിരുന്നു. ഇതിനു സമീപം പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി നഗരസഭ നിര്‍മിച്ച മിനി ഷോപ്പിംഗ് കോംപ്ലക്സും കാടുകയറി നശിക്കുകയാണ്. രണ്ടുനില കെട്ടിടമാണു അധികൃതരുടെ അനാസ്ഥ മൂലം കാടുകയറി നശിക്കുന്നത്. 15 വര്‍ഷം മുമ്പാണു ഈ കെട്ടിടവും നിര്‍മിച്ചത്. പട്ടികജാതിക്കാര്‍ക്കു കുറഞ്ഞ ചെലവില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സഹായിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കെട്ടിട നിര്‍മാണം തികച്ചും അശാസ്ത്രീയമാണെന്നാണു പരിസരവാസികള്‍ പറയുന്നത്. ഈ കെട്ടിടത്തിലേക്കു പ്രവേശിക്കുന്നതിനുള്ള ഗേറ്റ് തുറക്കാനാവാത്ത അവസ്ഥയിലാണ്. ഇവിടേക്കു ഏതു വഴി പ്രവേശിക്കാം എന്നിള്ളതു പോലും വ്യക്തമല്ല. നിര്‍മാണം പൂര്‍ത്തീകരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം ഉപയോഗ ശ്യൂന്യമായതോടെ കെട്ടിടമിരിക്കുന്ന പ്രദേശം കാടുകയറിയ നിലയിലാണ്. കാലപ്പഴക്കത്താല്‍ കെട്ടിടത്തിനു ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ കെട്ടിടം ഇനി ഉപയോഗിക്കുവാന്‍ സാധിക്കുമോ എന്നും സംശയമുണ്ട്. കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രശ്നങ്ങളാണു കെട്ടിടം ഇതുവരെയും തുറക്കാന്‍ സാധിക്കാതിരുന്നത്. പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. വര്‍ഷംതോറും പട്ടികജാതിക്കാരുടെ വികസനത്തിനും ക്ഷേമത്തിനുമായി നഗരസഭയില്‍ ലക്ഷങ്ങള്‍ ചെലവിടുന്നുണ്ടെങ്കിലും പലതും ലക്ഷ്യം കാണാത്ത അവസ്ഥയിലാണ്. പട്ടികജാതി ഫണ്ട് ചെലവിടുന്നതില്‍ വന്‍ അഴിമതി നടക്കുന്നതായാണു പട്ടികജാതി കോളനി നിവാസികളുടെ ആരോപണം.