ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ജനങ്ങളുടെതായിരിക്കും- പ്രിയങ്കാഗാന്ധി
ഇരിങ്ങാലക്കുട: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ജനങ്ങളുടെതായിരിക്കുമെന്നു പ്രിയങ്കാഗാന്ധി പറഞ്ഞു. ഇരിങ്ങാലക്കുട,കൈപ്പമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി മുനിസിപ്പല്‍ മൈതാനത്ത് നടന്ന തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ജനങ്ങളെ വിഭജിക്കാനുള്ള ശ്രമമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തി വരുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം ജനങ്ങള്‍ക്ക് എത്രമാത്രം ബുദ്ധിമുട്ടുള്ളതായിരുന്നുവെന്നു മനസിലാക്കുന്നു. കേരളത്തില്‍ അക്രമത്തിന്റെയും ക്രൂരതയുടെയും രാഷ്ട്രീയമാണു നടക്കുന്നത്. സ്വജനപക്ഷപാതമാണു കേരളത്തില്‍ നടക്കുന്നത്. അര്‍ഹര്‍ക്കു ലഭിക്കേണ്ട ജോലികള്‍ ഭരണത്തിലിരിക്കുന്നവരുടെ സുഹൃത്തുക്കള്‍ക്കു കൊടുക്കുന്ന ഭരണമാണു നടക്കുന്നത്. എല്‍ഡിഎഫിന്റെ പ്രളയ ഫണ്ട് 15 കോടി അവരുടെ ഓരോരുത്തരുടെയും അക്കൗണ്ടിലേക്കു പോയതു തന്നെ ഇടതു ഭരണം എങ്ങനെയുള്ളതാണെന്നു മാനസിലാക്കാം. മറ്റുള്ള പാര്‍ട്ടികള്‍ ജനങ്ങളെ വിഭജിച്ച് വളരുവാന്‍ ശ്രമിക്കുമ്പോള്‍ വിശ്വാസവും സേവനവും തിരിച്ചുകൊണ്ടുവരുവാനാണു ഐക്യജനാധിപത്യ മുന്നണി ആഗ്രഹിക്കുന്നത്. കേരളത്തിലെ സമ്പദ് വ്യവസ്ഥ ഉയര്‍ത്തികൊണ്ടുവരാന്‍ യുഡിഎഫ് അധികാരത്തിലേറണം. കേരളത്തിന്റെ സ്ഥിരമായ ഭാവി എങ്ങനെയാണെന്നു യുഡിഎഫ് പ്രകടനപത്രിക വ്യക്തമാക്കുന്നുണ്ട്. നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള വാഗ്ദാനം പൂര്‍ത്തീകരിക്കാന്‍ തങ്ങള്‍ വരണം.ഐക്യജനാധിപത്യ മുന്നണി ആശയങ്ങളുള്ള വിശ്വസവും, സത്യവും, സേവനവും, രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനാണ് ശ്രമിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മറ്റി ചെയര്മാന് അഡ്വ എം.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ തോമസ് ഉണ്ണിയാടന്, കൈപ്പമംഗലം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ശോഭ സുബിന്, ടി. എന്‍. പ്രതാപന്. എം. പി, ബെന്നി ബഹന്നാന് എം. പി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എം. പി. വിന്‍സെന്റ്, കെ.പി. സി. സി. ജനറല്‍ സെക്രട്ടറി ചാള്‍സ് ഡയസ്, യു. ഡി. എഫ് ജില്ലാ ചെയര്മാന് ജോസഫ് ചാലിശ്ശേരി, കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സി. വി. കുരിയാക്കോസ്, ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ. കെ. ശോഭനന്, സതീഷ് വിമലന്, മുസ്ലീംലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. എ. റിയാസൂദ്ദീന്, അഡ്വ ജോസ് മൂഞ്ഞേലി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ യു. ഡി. എഫ്. ഇരിങ്ങാലക്കുട നിയോജക മണ്ഡലം ഡിജിറ്റല്‍ പ്രകടന പത്രിക പ്രിയങ്കാ ഗാന്ധി പ്രകാശനം ചെയ്തു.
അമ്മയുടെ പേര് തന്റെ പേരുമായി ചേര്‍ത്തുവെക്കുന്നത് കേരളത്തിലെ സ്ത്രീകള്‍ക്കു അഭിമാനമാണ്- പ്രിയങ്ക ഗാന്ധി
ഇരിങ്ങാലക്കുട: അമ്മയുടെ പേര് സ്വന്തം പേരുമായി ചേര്‍ത്തുവെക്കുന്നതു കേരളത്തിലെ സ്ത്രീകള്‍ക്കു അഭിമാനമാണെന്നു പ്രിയങ്ക ഗാന്ധി പറഞ്ഞു. കയ്പമംഗലം യുഡിഎഫ് സ്ഥാനാര്‍ഥി ശോഭാ സുബിനെ കുറിച്ചാണു പ്രിയങ്കാഗാന്ധി പറഞ്ഞത്. തനിക്ക് കേരളവുമായിട്ടുള്ള ബന്ധം വളരെ വലുതാണ്. കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും എന്താണെന്നുള്ളതു മനസിലാക്കിയത് തന്റെ അധ്യാപകരില്‍ നിന്നാണ്. അവരെല്ലാം കേരളത്തില്‍ നിന്നുള്ളവരായിരുന്നു. കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളിലാണു താന്‍ പഠിച്ചത്. തങ്ങളുടെ മുത്തശ്ശി കൊല ചെയ്യപ്പെട്ട സമയത്ത് എന്റെയും സഹോദരന്റെയും പഠനമെല്ലാം വീട്ടില്‍ വെച്ചായിരുന്നു. ആ സമയത്ത് ഉണ്ടായിരുന്ന അധ്യാപികയും കേരളത്തില്‍ നിന്നായിരുന്നു. ആ ടീച്ചറമ്മയുടെ വാക്കുകള്‍ പലപ്പോഴും താന്‍ ഓര്‍ക്കാറുണ്ട്. ആ അധ്യാപിക തന്നോടു പറയുമായിരുന്നു നന്മയുടെ വഴികള്‍ മുള്ളുകള്‍ നിറഞ്ഞ വഴികള്‍ പോലെയാണെന്ന്. ഈ വഴികള്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്നു അധ്യാപിക പറഞ്ഞുതന്നിട്ടുണ്ട്. ആ ടീച്ചര്‍ തനിക്ക് അമ്മയെപ്പോലെയായിരുന്നു.