കോവിഡ് രോഗികള്‍ക്ക് സ്കൂള്‍ വിട്ടുകൊടുത്ത് വിമല സെന്‍ട്രല്‍ സ്കൂള്‍ മാതൃകയായി
താണിശേരി: കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കാറളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡിസിസി സെന്റര്‍ തുടങ്ങുന്നതിനു തയാറായി വാടച്ചിറ വിമല സെന്‍ട്രല്‍ സ്കൂള്‍. പഞ്ചായത്ത് പ്രസിഡന്റ് സീമ ജി. നായര്‍, സെക്രട്ടറി എം.പി. ഷീല, വാര്‍ഡ് മെമ്പര്‍ സരിത വിനോദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ 50 കിടക്കകളുടെ സൗകര്യത്തോടെയാണു സ്കൂളില്‍ ഡിസിസി സെന്റര്‍ ഒരുക്കിയിരിക്കുന്നത്. ഭക്ഷണം ആവശ്യമുള്ളവര്‍ക്കു അതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്ത മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്ത രോഗ ബാധിതര്‍ക്കുള്ള ഐസൊലേഷന്‍ സംവിധാനമാണിത്. മുന്‍ പ്രസിഡന്റ് കെ.എസ്. ബാബു, മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രസാദ്, വൈസ് പ്രസിഡന്റുമാരായ കെ.കെ. സുരേഷ് ബാബു എന്നിവര്‍ അടങ്ങുന്ന സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിലവിലുള്ള രോഗികള്‍ക്കു ആവശ്യമായ പരിചരണം നല്കി വരുന്നു. ആരാധന മഠം കോതമംഗലം പ്രോവിന്സിന്റെ കീഴിലുള്ള സിബിഎസ്സി ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് വിമല. കോവിഡ് രോഗം രൂക്ഷമായ സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്കു ചെയ്യാവുന്ന ഒരു സഹായം എന്ന നിലയിലാണു സ്കൂള്‍ വിട്ടു കൊടുത്തതെന്നു പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴി, എസ്എബിഎസ് ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മേഴ്സി കരിപ്പായി എസ്എബിഎസ് എന്നിവര്‍ പറഞ്ഞു.