ഷണ്മുഖേട്ടന് ഇനി മഴ നനയാതെ, ഒട്ടിയ വയറില്ലാതെ സ്വസ്ഥമായി ഉറങ്ങും…..
പടിയൂര്‍: മഴയും വെയിലുമേല്‍ക്കാതെ കയറി കിടക്കാനൊരു കൂരയെന്നത് ഏതൊരു മനുഷ്യന്റേയും സ്വപ്നമാണ്. എന്നാല്‍ അത് പോലുമില്ലാത്ത ചുരുക്കം ചില മനുഷ്യര്‍ ഇന്നും നമുക്കിടയില്‍ ഉണ്ടെന്നുള്ളത് ഏറെ വിഷമിപ്പിക്കുന്ന സത്യമാണ്. പാറപ്പുറത്ത് ഷണ്മുഖേട്ടന് അത്തരത്തില്‍ ഒരാളാണ്. സ്വന്തമായി വീടുപോലുമില്ലാത്ത ഇദ്ദേഹത്തെ പടിയൂരിന്റെ തെരുവോരങ്ങളില്‍ പലയിടത്തായി കണ്ടിരുന്നു. പൊതു പ്രവര്‍ത്തകനായ സന്ദീപ് പോത്താനിയാണ് പടിയൂര്‍ വൈക്കം അമ്പലത്തിന്റെ പണിതീരാത്ത ഹാളിന്റെ മൂലയില്‍ അദ്ദേഹമുണ്ടെന്ന വിവരം പടിയൂര്‍ റെസ്ക്യൂ ടീമിനെ അറിയിക്കുന്നത്. ഉടന്‍തന്നെ പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവനൊപ്പം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജയശ്രീ ലാല്‍, വാര്‍ഡ് മെമ്പര്‍മാരായ ജോയ്സി ആന്റണി, വിബിന് തേക്കുംകാട്ടില്‍, സന്ദീപ് പോത്താനി, അരുണ്‍ പടിയൂര്‍ എന്നിവര്‍ സ്ഥലത്തെത്തി. തെരുവുനായ്ക്കള്‍ക്കൊപ്പം ഒരു മനുഷ്യന് കഴിയുന്നതാണ് സ്ഥലത്തെത്തിയവര്‍ കണ്ടത്. ദുര്‍ഗന്ധത്താല്‍ അടുത്തു പോലും പോകാന്‍ പറ്റാത്ത അവസ്ഥ. അദ്ദേഹത്തെ ഒരു മനുഷ്യ രൂപമാക്കുന്നതായിരുന്നു ആദ്യ വെല്ലുവിളി. പടിയൂര്‍ റെസ്ക്യൂ ടീം അദ്ദേഹത്തെ കുളിപ്പിച്ച് വസ്ത്രങ്ങള്‍ മാറ്റിയ ശേഷം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. തുടര്‍ന്ന് പുതുക്കാട് ഗവ. ആശുപത്രിയിലേക്കു മാറ്റി.