ഊട്ടിയുറപ്പിക്കാം, ആരും പട്ടിണിയില്ലെന്ന്, കരുതലോടെ കൂടെയുണ്ട് നാട്…..
ഒരു മാസം പിന്നിടുമ്പോള്‍ കനിവിന്റെ ഭക്ഷണപൊതികള്‍ കാല് ലക്ഷം കടന്നു
തെരുവുമക്കള്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ക്ക് അന്നമൂട്ടുന്നത് സമൂഹ അടുക്കളകളിലെ ഭക്ഷണപൊതികള്‍
ഇരിങ്ങാലക്കുട: പ്രതിസന്ധി കാലത്ത് കനിവിന്റെ നന്മ നിറച്ച ഭക്ഷണപൊതികള്‍ ഒരു മാസത്തിനുള്ളില്‍ കാല് ലക്ഷം കടന്നു. ഇരിങ്ങാലക്കുട നഗരസഭയുടെ കീഴില്‍ ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂളിലെ പാചകപുരയിലും കരുവന്നൂര്‍ പ്രിയദര്‍ശിനി ഹാളിലും മന്ത്രി ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ എംഎല്‍എ ഹെല്‍പ്പു ലൈനുമായി സഹകരിച്ച് കൂടല്‍മാണിക്യം ദേവസ്വം ഊട്ടുപുരയിലുമാണു ഭക്ഷണപൊതികള്‍ തയാറാക്കുന്നത്. കോവിഡ് ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും ദിവസ വേതനക്കാര്‍ക്കും വൃദ്ധരായുള്ളവര്ക്കുമാണ് ഭക്ഷണപൊതികള്‍ നല്‍കുന്നത്. ഔവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കു നഗരസഭയുടെ സമൂഹ അടുക്കളയില്‍ നിന്നാണ് ഊണ് നല്‍കുന്നത്. തെരുവോരത്ത് കഴിയുന്നവര്‍ക്ക് കൂടല്‍മാണിക്യം ഊട്ടുപുരയില്‍ നിന്നാണ് ഭക്ഷണപൊതികള്‍ നല്‍കുന്നത്. മെയ് 12 നു ബോയ്സ് ഹൈസ്കൂളിലെ പാചകപ്പുരയിലും ജൂണ്‍ മൂന്നിനു കരുവന്നൂര്‍ പ്രിയദര്‍ശിനി ഹാളിലും മെയ് 16 നു കൂടല്‍മാണിക്യം ഊട്ടുപുരയിലും ഭക്ഷണപൊതി തയാറാക്കല്‍ ആരംഭിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന നഗരസഭയുടെ സമൂഹ അടുക്കളയില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ ലത സുരേഷ്, ഷൈലജ ബാലന് എന്നിവര്‍ നേതൃത്വം നല്കുന്നു. ദേവസം ഊട്ടുപുരയില്‍ കോമ്പാറ സ്വദേശിയായ സജീവന്റെ നേതൃത്വത്തിലാണു ഭക്ഷണം തയാറാക്കുന്നത്. തികച്ചും സൗജന്യമായി നല്കുന്ന ഉച്ചഭക്ഷണത്തിനായി സുമനസുകളുടെ സഹായങ്ങള്ക്കൊണ്ടാണു മുന്നോട്ടുപോകുന്നത്. ചോറും കൂട്ടുക്കറിയും തോരനും അച്ചാറുമാണു ഉച്ചഭക്ഷണപ്പൊതിയിലുള്ളത്. നഗരസഭയുടെ സമൂഹ അടുക്കളയില്‍ മൂന്നുനേരവും ഭക്ഷണം തയാറാക്കുന്നുണ്ട്. നഗരസഭയിലെ സമൂഹ അടുക്കളയിലെ ഭക്ഷണപൊതികള്‍ ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ മുഖേനയും പടിഞ്ഞാറേ ഊട്ടുപ്പുരയിലെ ഭക്ഷണപ്പൊതികള്‍ എംഎല്‍എ ഹെല്‍പ്പ് ലൈന്‍ വൊളന്റിയര്‍മാര്‍ വഴിയും ദേവസ്വം ജീവനക്കാര്‍ വഴിയുമാണ് വിതരണം നടത്തുന്നത്. പണമായി ഒന്നും തന്നെ സ്വീകരിക്കാതെ സുമനസുകളുടെ സഹായം അവശ്യ വസ്തുക്കളായാണ് ഇത്തരം സമൂഹ അടുക്കളകളിലെത്തുന്നത്.