ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുവാന്‍ അനുവദിക്കണം-ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍.
ഇരിങ്ങാലക്കുട: ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുവാന്‍ അനുവദിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊറോണ രോഗത്തിന്റെ രണ്ടാം തരംഗത്തെതുടര്‍ന്ന് ഒന്നര മാസത്തോളമായി കര്‍ശന നിയ്യന്ത്രണങ്ങള് ഏര്‍പ്പെടുത്തിയിരുന്ന പല മേഖലകളിലും ഇളവുകള്‍ അനുവദിച്ച് മനുഷ്യന്റെ സാധാരണ ജീവിതം സാധ്യമാക്കുന്ന ഘട്ടത്തിലേക്ക് നാടിനെ തിരിച്ചുകൊണ്ടുവരുന്ന ഭരണാധികാരികളുടെ നടപടികളെ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു. മറ്റേതൊരു പൊതുസ്ഥലത്തേക്കാളും നിയ്രന്തണങ്ങള്‍ ഏര്‍പ്പെടുത്താനും മുന്‍ കരുതലുകളെടുക്കാനും ഈ അവസരത്തില്‍ ആരാധനാലയങ്ങള്‍ക്ക് സാധിക്കുമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ വിലയിരുത്തി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ആന്തരിക സമാധാനത്തിനും മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്താനും മതകര്‍മ്മങ്ങള്‍ അനിവാര്യമാണ്. ആയതിനാല്‍, നിബന്ധനകളോടെ ആരാധനാലയങ്ങള്‍ തുറന്ന് പരിമിതമായ ജനപങ്കാളിത്തത്തോടെ തിരുക്കര്‍മ്മങ്ങള്‍ നടത്തുവാന്‍ അനുവദിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മോണ്‍. ജോസ് മഞ്ഞളി, ജനറല്‍ സെക്രട്ടറി ഫാ. ജെയ്സന് കരിപ്പായി, സെക്രട്ടറി ടെല്‍സന്‍ കോട്ടോളി, സിസ്റ്റര്‍ മനീഷ സി.എസ്.സി, ഡേവീസ് ഊക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.