തൃപ്പുത്തരിസദ്യയുടെ കലവറ നിറയ്ക്കല്‍ നടന്നു, തണ്ടികവരവ് ഇന്ന്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തൃപ്പുത്തരിസദ്യയുടെ ഭാഗമായുള്ള കലവറ നിറയ്ക്കല്‍ നടത്തി. കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ നടപ്പുരയില്‍ നടന്ന ചടങ്ങ് ദേവസ്വം മാനേജര്‍ രാജി സുരേഷ് ഉദ്ഘാടനം ചെയ്തു. തൃപ്പുത്തരിസദ്യക്ക് ആവശ്യമായ ഉണങ്ങല്ലരി, പച്ചക്കറി, ചേന, ചേമ്പ്, പച്ചമാങ്ങ, ഇടിയന്‍ചക്ക, നാളികേരം, പപ്പടം മുതലായവ ഭക്തജനങ്ങള്‍ സമര്‍പ്പിച്ചു. 10, 11, 12 തീയതികളിലാണു ക്ഷേത്രത്തിലെ പ്രധാനപ്പെട്ട തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങള്‍. ഇന്ന് ഉച്ചയ്ക്കു 12 നു പോട്ട പ്രവൃത്തിക്കച്ചേരിയില്‍ നിന്നു പുറപ്പെട്ടുവരുന്ന തണ്ടിക വൈകീട്ട് ഏഴോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും. മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും പത്തരതണ്ട് തന്നെയാകും തണ്ടികവരവ്. വൈകീട്ട് ഇരിങ്ങാലക്കുട എത്തിച്ചേരുന്ന തണ്ടികയ്ക്കു ഠാണാവില്‍ നിന്നു നാഗസ്വരവും ആല്ത്തറയില്നിന്നു പഞ്ചവാദ്യവും അകമ്പടിയാകും. നാളെ തൃപ്പുത്തരി ദിനത്തില്‍ ഭക്തജനങ്ങള്‍ക്കു സദ്യ നല്‍കും. 12 നു മുക്കുടി നിവേദ്യം ഉണ്ടാകും. കുട്ടഞ്ചേരി അനൂപ് മൂസിന്റെ നേതൃത്വത്തിലാണു മുക്കുടിമരുന്ന് തയാറാക്കുക. മുക്കുടിക്കാവശ്യമായ തൈര് ഭക്തജനങ്ങള്‍ക്കു സംഭാവനയായി നല്‍കാവുന്നതാണ്. ഭഗവാനു സമര്‍പ്പിച്ചശേഷം മുക്കുടി നിവേദ്യം ക്ഷേത്രത്തില്‍ നിന്നു ഭക്തജനങ്ങള്‍ക്കു ലഭിക്കും