കെ-റെയില്‍; കേരളത്തെ നിത്യദുരിതത്തിലേക്കു തള്ളിവിടും-തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണമെന്നു ദുര്‍വാശി പിടിക്കുന്ന കെ-റെയില്‍ പദ്ധതി കേരളത്തിലെ ജനങ്ങളെ നിത്യ ദുരിതത്തിലേക്കു തള്ളിവിടുമെന്നു കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് പറഞ്ഞു. കെ-റെയില്‍ പദ്ധതിക്കെതിരെ കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വന്‍ സാമ്പത്തിക കടബാധ്യതയിലാക്കുന്നതും കേരളത്തെ രണ്ടായി കീറി മുറിക്കുന്നതും ആയിരക്കണക്കിനു കുടുംബങ്ങളെ ഭവനരഹിതരാക്കുന്നതും പാരിസ്ഥിതിക,സാമൂഹിക പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതുമായ ഈ പദ്ധതി വികസന മുന്നേറ്റത്തിനല്ല വികസന മുരടിപ്പിനാണ് ഇടയാക്കുക. ഒന്നര ലക്ഷം കോടി രൂപ ഈ പദ്ധതിക്കായി കടം വാങ്ങി ചെലവഴിക്കുമ്പോള്‍ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കോ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കോ പണമില്ലാതാകും. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ആളൂര്‍, താഴേക്കാട്, കടുപ്പശേരി, കല്ലേറ്റുംകര, മുരിയാട്, ആനന്ദപുരം, പൊറത്തിശേരി, മാടായിക്കോണം വില്ലേജുകളിലൂടെ കെ-റെയില്‍ കടന്നുപോകുന്നതോടെ ഈ പ്രദേശത്തെ 100 ഓളം ഏക്കറില്‍ നിന്നും കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും സമീപവാസികളുടെ ജീവിതം ദുസഹമാവുകയും ചെയ്യും. ഈ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ഉണ്ണിയാടന് ആവശ്യപ്പെട്ടു. പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. പോളി, ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നഗരസഭാ ഉപാധ്യക്ഷന്‍ പി.ടി. ജോര്‍ജ്, കൗണ്‍സിലര്‍ ഫെനി എബിന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സിജോയ് തോമസ്, സേതുമാധവന്, നിയോജകമണ്ഡലം ഭാരവാഹികളായ മാഗി വിന്‍സെന്റ്, ഷൈനി ജോജോ, തുഷാര ബിന്ദു, അജിത സദാനന്ദന്, ശിവരാമന് എടതിരിഞ്ഞി, ഡെന്നീസ് കണ്ണംകുന്നി, ജോര്‍ജ് പട്ടത്തുപറമ്പില്‍, എബിന് വെള്ളാനിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.