ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചു, കൊറോണയെ പിടിച്ചു കെട്ടാന്‍ ഇരിങ്ങാലക്കുടയും മുരിയാടും അടച്ചുപൂട്ടി.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് പഞ്ചായത്ത് എന്നിവടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചു. സംസ്ഥാനപാതയടക്കം റോഡുകള്‍ പോലീസ് അടച്ച് കെട്ടി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ രാജ കമ്പനി പരിസരത്ത് റോഡ് അടച്ച് കെട്ടി.. തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങള്‍, പെരുമ്പിളളിശ്ശേരി, ചിറയ്ക്കല്‍, പഴുവില്‍, പെരിങ്ങോട്ടുകര, തൃപ്രയാര്‍ വഴി പോകണം. ഇരിങ്ങാലക്കുടകാട്ടൂര് റോഡില്‍ കിഴുത്താണിയിലും റോഡ് അടച്ച് കെട്ടിയിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ നിന്നും വരുന്നവരെ വെള്ളാങ്കല്ലൂരില്‍ തടയും. ചാലക്കുടിയില്‍ നിന്നും വരുന്നവരെ തൊമ്മാന പാടത്തും വഴി അടച്ച് കെട്ടി തടയുണ്ട്. ഇരിങ്ങാലക്കുട മൂന്ന് പീടിക റോഡില്‍ എടത്തിരിഞ്ഞിയിലും നന്തിക്കര ഇരിങ്ങാലക്കുട റോഡില്‍ കോന്തിപുലം പാടത്തും റോഡ് അടച്ചു. മുരിയാട് പഞ്ചായത്തിലേക്കുളള വല്ലക്കുന്ന്, ആനന്ദപുരം, നെല്ലായി റോഡ് പൂര്‍ണ്ണമായി അടച്ചിടുണ്ട്. ഇത് കൂടാതെ ഇടറോഡുകളും അടച്ച് കെട്ടിയിട്ടുണ്ട്. ഗതാഗതനിയന്ത്രണം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കും. ആന്റിജന്‍ പരിശോധന നടത്തിയ സ്വകാര്യ വെളിച്ചെണ്ണ നിര്‍മ്മാണ കമ്പനിയിലെ 210 പേരുടെ പരിശോധനാഫലങ്ങള്‍ ഫലങ്ങള്‍ നെഗറ്റീവ്. കഴിഞ്ഞ ദിവസമാണ് കമ്പനിയിലെ ജീവനക്കാരായ 210 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയത്. കമ്പനിയിലെ അഞ്ച് പേരുടെ പരിശോധനാഫലങ്ങളാണ് ഇനി വരാനുള്ളത്. കാറളത്ത് കോവിഡ് സ്ഥിരീകരിച്ച തൊഴിലാളിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിട്ടുണ്ട്.