കാട്ടൂരില്‍ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് നിര്‍വഹിച്ചു. എട്ടാം വാര്‍ഡ് കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വന്തം സ്ഥലത്തു സജ്ജീകരിച്ചിരുന്ന താത്ക്കാലിക അടുക്കളയില്‍ പാചകം ചെയ്ത ആഹാര സാധനങ്ങള്‍ കാട്ടൂര്‍ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ വിപണന കേന്ദ്രം വഴിയാണു വിതരണം ചെയ്തിരുന്നത്. 14-ാം വാര്‍ഡിലെ തീര്‍ത്ഥ, നിശാഗന്ധി, ഗ്രാമദീപം എന്നീ മൂന്ന് അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച യൂണിറ്റാണു ജനകീയ ഹോട്ടലിനു നേതൃത്വം നല്‍കുന്നത്. 20 രൂപ നിരക്കില്‍ ഊണു ലഭ്യമാകും. സ്പെഷ്യല്‍ വിഭവങ്ങള്‍ക്കു പ്രത്യേകം തുക നല്‍കണം. ഒരു ഊണിനു 10 രൂപ സബ്സിഡി യൂണിറ്റിനു കുടുംബശ്രീ നല്‍കും. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എം. കമറുദ്ദീന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കുടുംബശ്രീ ചെയര്പേഴ്സന് അജിത ബാബു, ജനകീയ ഹോട്ടല്‍ യൂണിറ്റ് പ്രസിഡന്റ് പ്രീത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. സന്ദീപ്, സെക്രട്ടറി എം.എച്ച്. ഷാജിക്ക്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.വി. ലത, വിമല സുഗുണന് എന്നിവര്‍ പ്രസംഗിച്ചു.