ക്രൈസ്റ്റിന് കായിക കിരീടം, വനിതാ വിഭാഗത്തിന്റെ നേട്ടം ശ്രദ്ധേയം
ഇരിങ്ങാലക്കുട: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കായിക കിരീടം ഈ വര്‍ഷവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ക്രൈസ്റ്റ് ഈ കായിക കിരീടത്തില്‍ മുത്തമിടുന്നത്. വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ക്രൈസ്റ്റ് സ്വന്തമാക്കി. സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാവിഭാഗത്തില്‍ ഒരു മിക്സഡ് കോളേജ് ഓവറോള്‍ കിരീടം ഉയര്‍ത്തുന്നത്. നാളിതുവരെ സര്‍വ്വകലാശാലയുടെ കീഴിലുള്ള വനിതാ കോളേജുകള്‍ മാത്രം സ്വന്തമാക്കിയിരുന്ന കിരീടമാണ് ക്രൈസ്റ്റിലെ പെണ്‍കുട്ടികള്‍ തങ്ങളുടേതാക്കിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏഴ് ഇനങ്ങളില്‍ ഒന്നാം സ്ഥാനവും മൂന്നുവീതം രണ്ടും മൂന്നും സ്ഥാനങ്ങളും ക്രൈസ്റ്റ് സ്വന്തമാക്കി. പുരുഷവിഭാഗത്തില്‍ ഏഴ് ഒന്നാം സ്ഥാനവും മൂന്ന് രണ്ടാം സ്ഥാനവും നാല് മൂന്നാം സ്ഥാനവും സ്വന്തമാക്കി ക്രൈസ്റ്റ് രണ്ടാമതെത്തി. ഈ വര്‍ഷം തുടക്കത്തില്‍ സര്‍വ്വകലാശാലയുടെ അത്ലറ്റിക്സ് കിരീടങ്ങള്‍ പുരുഷവനിതാ വിഭാഗങ്ങളില്‍ ക്രൈസ്റ്റിലെ കുട്ടികള്‍ സ്വന്തമാക്കിയിരുന്നു. കോളജിലെ സാന്ദ്ര ബാബു, ആരതി ആര്. എന്നീ വിദ്യാര്‍ത്ഥിനികള്‍ ദേശീയതലത്തില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവെച്ച താരങ്ങളാണ്. കായിക രംഗത്തെ വളര്‍ച്ചയ്ക്ക് ക്രൈസ്റ്റ് കോളജ് നല്കുന്ന പ്രോത്സാഹനത്തിന് നേര്‍സാക്ഷ്യമാണ് സര്‍വകലാശാലയില്‍ നേടിയ തുടര്‍ച്ചയായ അഞ്ചാം കിരീടം. കായിക പ്രതിഭകളെ കണ്ടെത്തി കൃത്യമായ പരിശീലനവും ഹോസ്റ്റല്‍ സൗകര്യവും അവരുടെ പഠനത്തിനുള്ള ക്രമീകരണവും നല്കുന്നതില് കോളജ് ശ്രദ്ധവയ്ക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കായിക പരിശീലന രംഗം നിശ്ചലമായപ്പോഴും കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ക്രൈസ്റ്റിലെ കുട്ടികള്‍ നടത്തിയ കൃത്യമായ പരിശീലനത്തിന്റെ ഫലമാണ് കോളജിന്റെ ഈ വിജയം എന്ന് പ്രിന്‍സിപ്പള്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് പറഞ്ഞു. ദ്രോണാചാര്യ ടി. പി. ഔസേപ്പ് അടക്കമുള്ള പരിശീലകരുടെ സാന്നിധ്യവും കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണവും കുട്ടികളുടെ അര്‍പ്പണമനോഭാവവും മഹത്തായ ഈ വിജയത്തിലേക്ക് വഴി തെളിച്ചു എന്ന് വൈസ് പ്രിന്‍സിപ്പള്‍ ഫാ. ജോയ് പണിക്കപറമ്പില്‍ അഭിപ്രായപ്പെട്ടു. സ്പോര്‍ട്സ് ജീവശ്വാസമായി കൊണ്ടുനടക്കുന്ന ഇരിങ്ങാലക്കുടയിലെ കായികപ്രേമികള്‍ക്ക് ഈ വിജയം സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.