വര്‍ണ്ണക്കുടയില്‍ ഇന്നലെ പെയ്തിറങ്ങിയത് കലാമഴ
ഇരിങ്ങാലക്കുട: കോരിചൊരിയുന്ന മഴയിലും വര്‍ണ്ണക്കുടയുടെ മുഖ്യവേദിയില്‍ കലാസ്വാദകരുടെ മനം നിറയുന്ന കലാപ്രകടനങ്ങളോടെ വര്‍ണ്ണക്കുട മഹോത്സവം മുന്നേറുകയാണ്. കുടുംബശ്രീ കലോത്സവത്തില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ സിഡിഎസുകളില്‍ നിന്നുമുള്ള വനിതകള്‍ അവരുടെ കലാപ്രകടനങ്ങള്‍ കാഴ്ച്ച വെച്ചു. തുടര്‍ന്ന് നടന്ന ഫോക് ഫെസ്റ്റില്‍ കാളകളിയും ശേഷം കല്‍സിക് ഫെസ്റ്റില്‍ അപര്‍ണ രാമചന്ദ്രന് ഭരതനാട്യം അവതരിപ്പിച്ചു. തുടര്‍ന്ന് കുച്ചിപ്പുടിയും, മ്യൂസിക്കല്‍ ഷെയ്ഡ്സ് ഓഫ് സവേരിയും പ്രേക്ഷക പ്രശംസയേറ്റുവാങ്ങി. വൈലോപ്പിള്ളി വേദിയില്‍ നടന്ന സാഹിത്യ സദസിന് മേമ്പൊടി കൂട്ടി ഒഎന്‍വി, പി. ഭാസ്കരന് എന്നിവര്‍ രചിച്ച ചലച്ചിത്ര ഗാനങ്ങളെ ആസ്പദമാക്കി നടന്ന സംവാദം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും മേരീ ആവാസ് സുനോ റിയാലിറ്റി ഷോ വിജയിയുമായ പ്രദീപ് സോമസുന്ദരം ഉദ്ഘാടനം ചെയ്തു. രാജന് നെല്ലായി അധ്യക്ഷത വഹിച്ചു. ഖാദര്‍ പട്ടേപ്പാടം, പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍, മുന്‍ എംഎല്‍എ കെ.യു. അരുണന്, റഷീദ് കാറളം, സജീവന് മാസ്റ്റര്‍, അശ്വതി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒഎന്‍വി, പി. ഭാസ്ക്കരന്‍ എന്നിവരുടെ നിരവധി രചനകള്‍ പ്രദീപ് സോമസുന്ദരം വേദിയിലാലപിച്ചത് നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് സദസ് എതിരേറ്റത്.