പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഹാള്‍ ഉടന്‍ തുറക്കും, നിര്‍മാണം അവസാനഘട്ടത്തിലേക്ക്
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാപ്രാണം സെന്ററിലെ പി.കെ. ചാത്തന് മാസ്റ്ററുടെ സ്മാരകഹാളിന്റെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്. പട്ടികജാതി വികസന ഫണ്ടുപയോഗിച്ച് രണ്ടു വര്‍ഷത്തെ പദ്ധതിയായി മൂന്നുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പൂര്‍ത്തിയാകുന്നത്. താഴെ പാര്ക്കിംഗിനുള്ളതടക്കം മൂന്നു നിലകളുണ്ട്. ഓരോ നിലയും 3841 ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്. 2019 20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ കൊറോണ മൂലം നിര്‍ത്തിവെക്കേണ്ടി വന്നതിനാലാണ് പണി പൂര്‍ത്തിയാകാന്‍ താമസിച്ചതെന്ന് നഗരസഭ വ്യക്തമാക്കി. പ്രവര്‍ത്തനസജ്ജമാകുന്നതോടെ നഗരസഭാ പരിധിയിലെ എസ്സി കുടുംബങ്ങള്‍ക്ക് പരിപാടി നടത്താന്‍ ഹാള്‍ സൗജന്യമായി ലഭിക്കും. 1957ലെ പ്രഥമ ഇഎംഎസ് മന്ത്രിസഭയിലെ പട്ടികജാതി പഞ്ചായത്ത് സഹകരണമന്ത്രിയും കെപിഎംഎസ് സ്ഥാപക നേതാവുമായിരുന്നു പി.കെ. ചാത്തന്മാസ്റ്റര്. 1989ല്‍ പട്ടികജാതി വികസന വകുപ്പ് 16 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഹാള്‍ 2001 ലാണ് പൊറത്തിശേരി പഞ്ചായത്തിന് കൈമാറിയത്. പിന്നീട് പഞ്ചായത്ത് നഗരസഭയില്‍ ലയിച്ചതോടെ ഹാള്‍ നഗരസഭയുടേതായി. ഒട്ടേറെ സമരങ്ങളും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. നേരത്തെ എസ്സി ഫണ്ടില്‍നിന്ന് ഒരു കോടി ചെലവഴിച്ച് പുതിയ ഹാള്‍ നിര്‍മിക്കാന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ പദ്ധതി തയാറാക്കിയിരുന്നെങ്കിലും പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തടഞ്ഞതോടെ നടപ്പിലായില്ല. പിന്നീട് അമ്പത് ലക്ഷം രൂപ പ്രത്യേക ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റും പ്ലാനും തയാറാക്കി. ഹാളിന്റെ മുന്‍വശം പൊളിച്ചുനീക്കി ഓഫീസ് സൗകര്യത്തോടെ മുന്‍വശം പുനര്നിര്മിക്കാനൊരുങ്ങിയെങ്കിലും കെപിഎംഎസും പട്ടികജാതി പട്ടികവര്‍ഗ വികസന സമിതിയും പ്രതിഷേധവുമായെത്തി. ഹാളിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയ കെപിഎംഎസ് കോടതിയേയും സമീപിച്ചു. അതോടെ പട്ടികജാതി ഫണ്ടുപയോഗിച്ച് ഹാള്‍ നിര്‍മിക്കുന്നത് കോടതി തടഞ്ഞു. പിന്നീട് കെപിഎംഎസ് അടക്കമുള്ള പട്ടികജാതി വിഭാഗം സംഘടനകളുമായി നഗരസഭ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഉപാധികളോടെ കേസുകള്‍ പിന്‍വലിച്ചത്. ഹാള്‍ പൂര്‍ണമായും പൊളിച്ച് പുതുക്കിപ്പണിയണമെന്ന അവരുടെ ആവശ്യം അംഗീകരിച്ചാണ് നഗരസഭ ദ്വിവര്‍ഷ പദ്ധതിയായി ഹാള്‍ പുനര്‍നിര്‍മിച്ചത്.