കഥകള്‍ ജീവിതത്തോട് ചേര്‍ത്തുവെച്ച കണ്ണാടികളാണെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ജീവിതത്തോട് ചേര്‍ത്തു വെച്ച കണ്ണാടികളാണ് കഥകളെന്നും അവയിലൂടെ നോക്കിയാല്‍ നാം നമ്മെ തന്നെയാണ് കാണുകയെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. പ്രപഞ്ചത്തിലേക്കും ജീവിതത്തിലേക്കുമുള്ള സൂക്ഷ്മനിരീക്ഷണങ്ങളാണ് കഥകള്‍. ഓരോ കഥയും അനുവാചകരില്‍ സൃഷ്ടിക്കുന്ന ജീവിതാവബോധം അവരെ സംസ്കൃത ചിത്തരായി മാറ്റുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. അവര്‍ തുടര്‍ന്ന് പറഞ്ഞു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന കഥോത്സവം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കേ താന്‍ എഴുതി സംസ്ഥാനതല മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ഭൂതം, ഭാവി, വര്‍ത്തമാനം എന്ന കഥ വായിച്ചു കൊണ്ടാണ് മന്ത്രി കഥോത്സവത്തിന്റെ ഉദ്ഘാടനം നാര്വഹിച്ചത്. ഇത് വായനശാല പ്രവര്‍ത്തകരും അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന സദസിന് ഏറെ കൗതുകമുണര്‍ത്തുന്ന അനുഭവമായി. നടവരമ്പ് സ്കൂളില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ എന്‍. രാജന് മുഖ്യപ്രഭാഷണം നടത്തി. കഥാകൃത്ത് യു.കെ. സുരേഷ് കുമാര്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് അമ്മനത്ത്, രമ രാഘവന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശശികുമാര്‍ ഇടപ്പുഴ, രാജേഷ് അശോകന്, രഞ്ജിനി ടീച്ചര്‍, കെ.ബി. ബിനോയ്, ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഖാദര്‍ പട്ടേപ്പാടം എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍ സ്വാഗതവും വികസന കാര്യസ്ഥിരം സമിതി അധ്യക്ഷ പ്രസന്ന അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. രമാ രാഘവന് ലഹരി വിരുദ്ധ സന്ദേശമുള്‍ക്കൊള്ളുന്ന മക്കള്‍ക്കായ് എന്ന ഏക പാത്ര നാടകം അവതരിപ്പിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്കതിര്‍ത്തിയിലെ 21 വായനശാലകള്‍ വഴിയാണ് കഥോത്സവം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വായനശാലയ്ക്കും എഴുപതോളം കഥാ പുസ്തകങ്ങള്‍ ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. മാര്‍ച്ച് മാസത്തിനകം 210 വീട്ടുമുറ്റ കഥാസദസുകള് സംഘടിപ്പിക്കും. ബ്ലോക്ക് തലത്തിലും വായനശാലകളിലും ഒട്ടേറെ കഥാനുബന്ധ പരിപാടികളും അരങ്ങേറും.