ജ്യോതിഷവും തന്ത്രശാസ്ത്രവും ജീവിതദര്‍ശനങ്ങള്‍: വൈദീക വിചാരസദസ്
ഇരിങ്ങാലക്കുട: ജ്യോതിഷവും തന്ത്രശാസ്ത്രവും അന്ധവിശ്വാസമല്ലന്നും ജീവിതത്തിന്റെ ആഴമേറിയ ദര്‍ശനങ്ങളാണ് അത് മുന്നോട്ടുവയ്ക്കുന്നതെന്നും വൈദികവിചാര സദസ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട വേദാംഗ ജ്യോതിഷ പരിഷത്തിന്റെ ആഭിമുഖ്യത്തിലാണ് വൈദിക സെമിനാര്‍ നടന്നത്. വിദേശ സര്‍വകലാശാലകള്‍ പോലും ഗവേഷണ ബുദ്ധിയോടെ സമീപിക്കുന്ന ശാസ്ത്രങ്ങളാണ് ഭാരതത്തിന്റെ അമൂല്യങ്ങളായിട്ടുള്ള ദര്‍ശനങ്ങള്‍. അതില്‍ തന്ത്രശാസ്ത്രവും ജ്യോതിഷവും ഇന്ന് പല സര്‍വകലാശാലകളും പാഠ്യ വിഷയമാക്കിയിട്ടുണ്ടെന്നും വൈദിക സദസ് ചൂണ്ടിക്കാട്ടി. ഓരോ ഗ്രാമങ്ങളിലും വൈദികവിചാര സദസ് സംഘടിപ്പിക്കുവാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. അന്ധവിശ്വാസ ബില്ല് ഓരോരുത്തര്‍ക്കും ആത്മ പരിശോധനയ്ക്ക് അവസരം നല്‍കുന്നുവെന്നും അതൊരു പ്രചോദനമായി കാണുവാനും സദസില്‍ വിചാരം ചെയ്തു. തേശ്ശേരി ട്രസ്റ്റ് ചെയര്മാന് ഡോ. രവീന്ദ്രന് കളരിക്കല്‍ അധ്യക്ഷത വഹിച്ചു. കേരള സനാതന പുരോഹിത സമാജം ട്രസ്റ്റി പ്രകാശന്മാസ്റ്റര് കണ്ണൂര്‍ വൈദിക വിചാരസദസ് ഉത്ഘാടനം ചെയ്തു. വേദാംഗ ജ്യോതിഷ പരിഷത്ത് പ്രസിഡന്റ് ആചാര്യ സേതുമാധവ്ജി, കെ.കെ. സുരേഷ് തന്ത്രികള്‍ എന്നിവര്‍ അന്ധവിശ്വാസ ബില്ലും വൈദിക സമൂഹവും എന്ന വിഷയമവതരിപ്പിച്ചു. മുളങ്ങില്‍ ദാസ് സംവാദവാലോകനം നടത്തി. കാലടി സംസ്കൃത സര്‍വകലാശാല റിട്ടയ്ഡ് രജിസ്ട്രാര്‍ സൗദാമിനി രവീന്ദ്രന്, ക്ഷേത്രസമന്വയ സമിതി സംസ്ഥാന ഭാരവാഹിയും മുരുകസേന സംസ്ഥാനപ്രസിഡന്റുമായ രാജേഷ്മേനോന്‍, രവീന്ദ്രന് എടക്കുളം, സുഗതന് കല്ലിങ്ങപ്പുറം, കെ.എസ്. സുധീശാന്തികള് സുരേന്ദ്രനാഥ് അവിട്ടത്തൂര്‍, കരുണന് പടിയൂര്‍ എന്നിവര്‍ സംസാരിച്ചു. വൈദിക താന്ത്രിക ജ്യോതിഷ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.