സ്ത്രീകള്‍ക്കു നേരെയുള്ള ചൂഷണങ്ങളിലും പീഢനങ്ങളിലും സമൂഹ മനസാക്ഷി ഉണരണം-രമ്യ ഹരിദാസ് എംപി
ഇരിങ്ങാലക്കുട: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള ചൂഷണങ്ങളും പീഢനങ്ങളും വര്‍ധിച്ചു വരുന്നത് സമൂഹത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുകയാണെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു. സംസ്ഥാന സിഎല്‍സി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. ഓരോ വനിതാദിനവും കടന്നുപോകുമ്പോള്‍ ഇനിയൊരു പെണ്‍കുട്ടി പോലും ചൂഷണത്തിനോ പീഢനത്തിനോ ഇരയാകരുതെന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും കഴിയുന്തോറും ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചിരിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഇത് നമ്മെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സമൂഹ മനസാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. സമൂഹത്തില്‍ സ്ത്രീയുടെ പദവിയും പങ്കും ശക്തമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകരുത്. സ്ത്രീകള്‍ എന്നും കുടുംബത്തിലും സമൂഹത്തിലും ആദരിക്കപ്പെടേണ്ടവരാണ്. സമൂഹത്തിന്റെ ഉന്നതമായ സ്ഥാനങ്ങളിലേക്ക് ഇനിയും ഒരുപാട് വനിതകള്‍ വളര്‍ന്നുവരണമെന്നും എംപി കൂട്ടിച്ചേര്‍ത്തു. ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സംസ്ഥാന സിഎല്‍സി വൈസ് പ്രസിഡന്റ് ഷീല ജോയ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി ആമുഖപ്രസംഗം നടത്തി. രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍ കരസ്ഥമാക്കിയ സൈബര്‍ വിഭാഗം സിറ്റി സബ്ബ് ഇന്‍സ്പെക്ടര്‍ അപര്‍ണ ലവകുമാറിനെയും ദേശീയ തലത്തില്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത റാങ്കിംഗ് കരസ്ഥമാക്കിയ സെന്റ് ജോസഫ്സ് കോളജിനെയും ചടങ്ങില്‍ ആദരിച്ചു. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ, ആനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതിസ്, ജോയിന്റ് സെക്രട്ടറി നിയ തോമസ്, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ പി.എച്ച്. രഞ്ജന, യൂണിയന് ജനറല്‍ സെക്രട്ടറി എഡ്വീന ജോസ് എന്നിവര്‍ പ്രസംഗിച്ചു.