ഭരതനാട്യ കച്ചേരി അവതരിപ്പിച്ച് വില്ലേജ് ഓഫീസറും കുടുംബവും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഞ്ചാം ഉത്സവദിനത്തില്‍ സുനില്‍കുമാറും കുടുംബവും സംഘവും അവതരിപ്പിച്ച ഭരതനാട്യ കച്ചേരി നവ്യാനുഭവമായി. രാഗമാലികയില്‍ ചിട്ടപ്പെടുത്തിയ ഭക്തിലഹരി എന്ന് നാമകരണം ചെയ്ത ദേവി സ്തുതിയും മഹാവിഷ്ണുവിന്റെ വാമനവതാരം പ്രതിപാദിക്കുന്ന കീര്‍ത്തനവും ദേശ് രാഗത്തിലുള്ള തില്ലാനയും ആണ് സുനില്‍കുമാര്‍, ഭാര്യ പ്രിയ, മകള്‍ ഗൗരിനന്ദ എന്നിവരടങ്ങുന്ന സംഘം അവതരിപ്പിച്ചത്. നിലവില്‍ മനവലശേരി വില്ലേജ് ഓഫീസറായിട്ടുള്ള സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഭരതനാട്യ കച്ചേരി അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം നടത്തിയ സംസ്ഥാന റവന്യൂ കലോത്സവത്തില്‍ ഭരതനാട്യത്തിലും ഓട്ടന്തുളളലിലും സുനില്‍കുമാറിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. കൂടാതെ കണ്ണൂരില്‍ നടന്ന എന്‍ജിഒ യൂണിയന് സംസ്ഥാന കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ സുനില്‍കുമാര്‍ ആയിരുന്നു ജേതാവ്. ഭാര്യ പ്രിയ നൃത്ത അധ്യാപികയാണ്. ശ്രീപ്രിയ എന്ന നൃത്തവിദ്യാലയം നടത്തിവരുന്നു. മകന് നന്ദകിഷോര്‍ പ്ലസ് ടുവിനും മകള്‍ ഗൗരിനന്ദ ഏഴാം ക്ലാസിലും പഠിക്കുന്നു. മകന് മൃദംഗത്തിനും മകള്‍ നൃത്തത്തിലും പങ്കെടുത്ത് സമ്മാനം വാങ്ങിയിട്ടുണ്ട്. സുനില്‍കുമാറും കുടുംബവും കോടന്നൂരിലാണ് താമസം.
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഗമം പന്തലില്‍ പൂങ്കുന്ന ശിവോഹം പാര്‍വ്വതി വിശാലാക്ഷി അവതരിപ്പിച്ച നൃത്തശില്പം.
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്പെഷ്യല്‍ പന്തലില്‍ എടക്കുളം സുരേഷ് അവതരിപ്പിച്ച കുച്ചിപ്പുടി.