നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കാനുള്ള കുടിശിക പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണം
ഇരിങ്ങാലക്കുട: നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കാനുള്ള കുടിശിക പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് അഭിപ്രായപ്പെട്ടു. തൃശൂര്‍ ജില്ലാ കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന് (എഐടിയുസി) യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ തൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും ലഭിക്കേണ്ടതായ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മാസങ്ങളുടെ കുടിശികയാണ്. അഞ്ചു ലക്ഷം പേരുടെ പെന്ഷന് കുടിശികയും 20 ലക്ഷം വരുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങളുടേയും വിതരണം തടസപ്പെട്ടിരിക്കുകയാണ്. പെന്‍ഷന്‍കാരായ ഇത്രയധികം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് സാമൂഹിക പെന്ഷന് നല്‍കേണ്ടി വന്നാല്‍ 80 കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരിക. ഗുരുതരമായ പ്രശ്നം ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി ഈ വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്ന് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. ശിവാനന്ദന് ആവശ്യപ്പെട്ടു. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍, പെന്ഷന്, അവശത പെന്ഷന്, കുടുംബ പെന്ഷന്, സാന്ത്വന ധനസഹായം, വിവാഹ ധനസഹായം, പ്രസവ ആനുകൂല്യങ്ങള്‍, സാധാരണ രോഗ ചികിത്സ സഹായം, അപകടത്തെ തുടര്‍ന്ന് അവശത അനുഭവിക്കുന്നവര്‍ക്കുള്ള സഹായം, റീഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങള്‍ മാസങ്ങളായി കുടിശികയാണെന്നും കൃത്യമായി സെസ്റ്റ് പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും കെ.ജി. ശിവാനന്ദന് പറഞ്ഞു. യൂണിയന് പ്രസിഡന്റ് ടി.എസ്. ബാലന് അധ്യക്ഷത വഹിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, കെ.എസ്. പ്രസാദ്, ടി..ആര്. സുനില്‍, എം.സി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പി.സി. ദിവാകരന്, സി.എസ്. ബിന്ദു, പി.എം. വിനോദ് എന്നിവര്‍ നേതൃത്വം നല്കി.