മന്ത്രി ആര്. ബിന്ദു രാജിവെക്കണം: കെപിസിസി നിര്‍വാഹക സമിതിയംഗം എം.പി. ജാക്സണ്
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടെന്ന വിവരാവകാശരേഖ പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രി ആര്. ബിന്ദു സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി നിര്‍വാഹക സമിതിയംഗം എംപി ജാക്സണ് ആവശ്യപ്പെട്ടു. കോളജുകളില്‍ പ്രിന്‍സിപ്പല്‍മാര്‍ ഇല്ലാതിരിക്കുക, സ്വന്തക്കാരെ പ്രിന്‍സിപ്പല്‍മാരായി നിയമിക്കുക എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് മന്ത്രി ആര്. ബിന്ദുവിനെതിരെ പുറത്തുവന്നിരിക്കുന്നത്. ഇഷ്ടക്കാരെ തിരുകി കയറ്റി ഉന്നത വിദ്യാഭ്യാസ മേഖലയെ വരുതിയിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മാര്‍ക്ക്, പ്രബന്ധ വിവാദങ്ങളിലൂടെ കേരളത്തിലെ സര്‍വകലാശാലകളുടെ വിശ്വാസ്യതയാണ് സര്‍ക്കാര്‍ തകര്‍ത്തത്. ഇതിന്റെ വലിയ ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് തന്നെയാണ്. പ്രിന്‍സിപ്പല്‍ നിയമനത്തില്‍ മന്ത്രിയുടെ ഇടപെടല്‍ തെളിയിക്കുന്ന രേഖ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ആര്. ബിന്ദു അടിയന്തരമായി മന്ത്രി സ്ഥാനമൊഴിയണമെന്നും ജാക്സണ് ആവശ്യപ്പെട്ടു.