വൈകല്യമുള്ളവരെ മാറോടു ചേര്‍ത്ത വ്യക്തിത്വം – എന്‍.കെ. ജോര്‍ജ് എന്ന എന്‍ജിനീയര്‍
സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് സൗജന്യമായി സമര്‍പ്പിച്ചത് താന്‍ ഒരായുഷ്കാലം കൊണ്ടു സമ്പാദിച്ച സ്വത്ത്.
ഒരുപാട് സമ്പാദിച്ചിട്ടെന്താ കാര്യം മരിക്കുമ്പോള്‍ ഒന്നും കൊണ്ടുപോകാനാവില്ലല്ലോ എന്ന ചിന്ത കാരുണ്യപ്രവര്ത്തികളിലേക്ക് തിരിച്ചു
വിടപറഞ്ഞത്; ഇരുപത് കോടി വിലവരുന്ന ഏഴുനില ആശുപത്രി കെട്ടിടവും നാലേകാല്‍ ഏക്കര്‍ സ്ഥലവും സര്‍ക്കാരിനു ദാനം നല്കിയ കാരുണ്യത്തിന്റെ ആള്‍രൂപം.
ഇരിങ്ങാലക്കുട: ഇരുപതു കോടി വിലവരുന്ന ഏഴുനില ആശുപത്രി കെട്ടിടവും നാലേകാല്‍ ഏക്കര്‍ സ്ഥലവും സര്‍ക്കാരിനു ദാനം നല്കിയ കല്ലേറ്റുംകരയിലെ ആദ്യ എന്‍ജിനീയറാണ് എന്‍.കെ. ജോര്‍ജ്.
തുടക്കം എന്‍.കെ. മാത്യു ചാരിറ്റബിള്‍ ട്രസ്റ്റ്, പിന്നീട് ട്രസ്റ്റിനു കീഴില്‍ ത്രേസ്യാമ്മ മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ഇപ്പോഴത് സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ നിപ്മര്‍
എന്‍.കെ. മാത്യു ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചാണ് തുടക്കം കുറിച്ചത്. സഹോദരങ്ങളുടെ കുടുംബ ഓഹരി പണം നല്കി വാങ്ങി ട്രസ്റ്റ് നിക്ഷേപിച്ചു. സഹോദരങ്ങളായ മുന്‍ ആളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എന്‍.കെ. ജോസഫ്, എന്‍.കെ. ജോണ്‍ മാത്യു, എന്‍.കെ.. ബോസ്, സിസ്റ്റര്‍ മരിയ, സെലീന, റപ്പായി എന്നിവരെ ട്രസ്റ്റികളാക്കി. മാനേജിംഗ് ട്രസ്റ്റിയായി എന്‍.കെ. ജോര്‍ജ് ചുമതലയേറ്റു. കല്ലേറ്റുംകരയില്‍ 4.35 ഏക്കര്‍ സ്ഥലം വാങ്ങി അമ്മയുടെ മരണശേഷം അതില്‍ ത്രേസ്യാമ്മ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പണി തുടങ്ങി. ജോര്‍ജിന്റെ ബിസിനസില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഒമ്പത് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെ ഏഴുനില ആശുപത്രി കെട്ടിടം നിര്‍മിച്ചത്. അംഗവൈകല്യമുള്ളവരുടെ ചികിത്സയും പുനരധിവാസവും മാത്രമായിരുന്നു ലക്ഷ്യം.
കാരുണ്യത്തിന്റെ ആതുരാലയം
ഹോസ്പിറ്റലില്‍ 11 ഡോക്ടര്‍മാരും മറ്റു സ്റ്റാഫും ആധുനിക സൗകര്യങ്ങളും പ്രഗത്ഭരായ ഡോക്ടര്‍മാരും ഉണ്ടായിട്ടും ഹോസ്പിറ്റലിലെത്തിയ കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. വൈകല്യമുള്ള ഈ കുട്ടികളെ ബസില്‍ കയറ്റിയും വണ്ടി വിളിച്ചും ദിവസവും കൊണ്ടുവരിക എന്നതും ഏറെ ബുദ്ധിമുട്ടാണെന്ന് ബോധ്യമായപ്പോഴാണ് ഹോസ്പിറ്റല്‍ മൂന്ന് ഓമ്നി വാനുകള്‍ വാങ്ങിയത്. മൂന്ന് റൂട്ടുകളില്‍ മൂന്നു വാഹനങ്ങള്‍ പോയി കുട്ടികളെയും അമ്മമാരെയും ആശുപത്രിയില്‍ എത്തിക്കും. അങ്ങനെ 20 യൂണിറ്റ് ചികിത്സ കൊടുക്കുന്ന ഹോസ്പിറ്റലായി വളര്‍ന്നു. ഒരു രൂപ പോലും വാങ്ങാതെയാണ് ചികിത്സയും പരിചരണവും നടത്തിയിരുന്നത്.
ത്രേസ്യാമ്മ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പിന്നീട് സര്‍ക്കാരിന്റെ നിപ്മര്‍ ആയി മാറി
2005 എന്‍.കെ. മാത്യൂ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ ആരംഭിച്ച കല്ലേറ്റുംകര ത്രേസ്യാമ്മ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പിന്നീട് സര്‍ക്കാരിന്റെ നിപ്മര്‍ ആയി മാറി. ഒരിക്കല്‍ മൂത്ത മകന് വിവേക് പഠിച്ചിരുന്ന ബോംബെ ഹാജിയാലിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ അവനെ കാണാന്‍ പോയി. ലിഫ്റ്റിന്റെ അരികില്‍ നില്ക്കുമ്പോള് ഏകദേശം 18 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ അവളുടെ ആങ്ങളയും അമ്മയും കൂടി എടുത്തുകൊണ്ടുവന്നു ലിഫ്റ്റില്‍ കയറ്റുകയാണ്. ആ കുട്ടിക്ക് എന്തുപറ്റിയെന്നൊക്കെയുള്ള ആശങ്ക മനസിലുണര്‍ന്നു. ആ സമയം ലിഫ്റ്റില്‍ കയറാന്‍ സാധിക്കാതെ ഒരു മനുഷ്യന് നിറകണ്ണുകളോടെ കരങ്ങള്‍ കൂപ്പി മാറിനില്‍ക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ മൂത്ത മകളായിരുന്നു അത്. 16ാം വയസില്‍ ഒരുരാത്രി ഊണുകഴിച്ച് കിടന്ന അവള്‍ക്കൊരു പനിവന്നു. അര്‍ധരാത്രിയായപ്പോഴേക്കും അത് കൂടിക്കൂിവന്നു. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവള് പൂര്‍ണമായും തളര്‍ന്നുപോയി. അയാള്‍ ജോലിചെയ്ത് സമ്പാദിച്ചതും പൂര്‍വികമായി ലഭിച്ച സമ്പാദ്യങ്ങളും മകളുടെ ചികിത്സക്ക് വേണ്ടി ചിലവഴിച്ചു. അവസാന ആശ്രയമായി ആ ഹോസ്പിറ്റലില്‍ എത്തിയതാണ്. രണ്ടുനേരം ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. സ്വന്തം ജീവിതം പറയുമ്പോള്‍ അയാള്‍ വിതുമ്പുകയായിരുന്നു. അയാളുടെ കരച്ചില് ജോര്‍ജിന്റെ ഹൃദയത്തെ ഉലച്ചുകളഞ്ഞു. രോഗത്തെക്കാള്‍ ഭീകരമാണ് അംഗവൈകല്യമെന്ന് തിരിച്ചറിഞ്ഞു. എന്തെങ്കിലും ചെയ്യണമെന്നുതോന്നി. മകനോടും പറഞ്ഞു. അടുത്ത തവണ ചെന്നപ്പോള്‍ മകന് ഹോസ്പിറ്റലിന്റെ തലവനായ ഡോ. മൊകാഷിയുടെ അരികിലേക്കുകൊണ്ടുപോയി. നാലു ഡോക്ടറേറ്റുള്ള ലോകപ്രശസ്തനായ ഡോക്ടറാണ് അദ്ദേഹം. ജോര്‍ജ് തന്റെ ആഗ്രഹമറിയിച്ചു. ജന്മനാട്ടില് ഒരു ഹോസ്പിറ്റല്‍ ആരംഭിക്കാന്‍ ആലോചിക്കുന്നു. അദ്ദേഹം പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. ഏഴുനിലകളിലേക്കും ആശുപത്രിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും പണമില്ലാത്തതിനാല്‍ മുന്നോട്ടുപോകാനായില്ല. എന്റെ സ്വപ്നങ്ങളോടുകൂടിയ ആശുപത്രി പൂവണിയാന്‍ വേണ്ടി സ്ഥലവും ആശുപത്രിയും സൗജന്യമായി നല്‍കാമെന്ന് പറഞ്ഞുകൊണ്ട് പലരുമായും ചര്‍ച്ച ടത്തി. മദര്‍ തെരേസ ട്രസ്റ്റിനെ ഏല്‍പ്പിക്കാനായിരുന്നു ആഗ്രഹം. അങ്ങേയറ്റം അഭിനന്ദിച്ചുകൊണ്ടും പ്രാര്‍ഥന വാഗ്ദാനം ചെയ്തുകൊണ്ടും സിസ്റ്റര്‍ നിര്‍മല എഴുതിയ മറുപടിയില്‍ അവര്‍ക്ക് ഇത്തരം സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള പരിമിതി വ്യക്തമാക്കിയിരുന്നു.
അങ്ങനെയിരിക്കേ 2012 ല്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ. മുനീറിനെ സമീപിച്ചു. അദ്ദേഹം സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കുകയും ചെയ്തു. അംഗവൈകല്യമുള്ളവര്‍ക്കുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച പുനരധിവാസ കേന്ദ്രമായി ഇതിനെ ഉയര്‍ത്തുമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. 2013 ജനുവരി 24ന് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഉടമ്പടി ഒപ്പുവെച്ചു. അങ്ങനെയാണ് 2005ല്‍ ത്രേസ്യാമ്മ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പിന്നീട് റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററായി ഉയര്‍ന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, കൃത്രിമ കൈകാല്‍ നിര്‍മ്മാണ യൂണിറ്റ്, സെറിബ്രല്‍ പാള്സിബാധിതരായ കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ സ്കൂള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 20 കോടി രൂപയാണ് സ്ഥാപനം കൈമാറുമ്പോള്‍ ആസ്തിയുടെ മൂല്യം. സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം 2016ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്റ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) എന്ന പേരില്‍ സ്വയംഭരണ സ്ഥാപനമായി വികസിപ്പിച്ചു. നിലവിലെ സേവനങ്ങള്‍ കൂടാതെ ഒക്യുപ്പേഷണല്‍ തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, ഡെവലപ്പ്മെന്റല്‍ തെറാപ്പി, സോഷ്യല്‍ വര്‍ക്ക്, ഓട്ടിസം, സ്പെഷ്യല്‍ സ്കൂള്‍ ഇന്റലക്ച്ച്വല്‍ ആന്‍ഡ് ഡെവലപ്പ്മെന്റല്‍ ഡിസെബിലിറ്റി സ്പെഷ്യല്‍ സ്കൂള്‍ എന്നിവയും ആരംഭിച്ചു. കൂടാതെ ഭിന്നശേഷി മേഖലയിലെ പ്രഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനായി ബാച്ചിലര്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പി, സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ കോഴ്സുകള്‍ എന്നിവയും തൊഴില്‍ പരിശീലന പരിപാടികള്‍ എന്നിവയും ആരംഭിച്ചു. കൂടാതെ നട്ടെല്ലിന് ക്ഷതം സംഭവിച്ചവര്‍, പക്ഷാഘാതം, ബ്രെയിന്‍ ഇഞ്ച്യുറി എന്നിവര്‍ക്കുള്ള കിടത്തി ചികിത്സയും നിപ്മറില്‍ ഉണ്ട്. 1960 ല്‍ ലഭിച്ച ആദ്യശമ്പളം തുടങ്ങി ആശുപത്രി നിര്‍മാണം ആരംഭിക്കുന്ന 1993 വരെ (33 വര്‍ഷം) മാസം തോറും വരുമാനത്തി്റെ നിശ്ചിത ശതമാനം മദറിന് സംഭാവനയായി നല്‍കിയിരുന്നു
കുടുംബം
1940 നവംബര്‍ 14 നാണ് കല്ലേറ്റുംകര നേരെപറമ്പില്‍ കൊച്ചുമാത്യു ത്രേസ്യാമ്മ ദമ്പതികളുടെ മകനായി എന്‍.കെ. ജോര്‍ജിന്റെ ജനനം. കല്ലേറ്റുംകരയിലെ സ്കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസവും ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂളിലും ആളൂര്‍ ആര്‍എം ഹൈസ്കൂളിലുമായി ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തൃശൂര്‍ രാമവര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം 1960ല്‍ ബീഹാര്‍ സ്റ്റേറ്റ് ഇലക്ട്രിസിറ്റി വകുപ്പില്‍ സര്‍വേയറായി ജോലി ലഭിച്ചു. സ്വയം പഠിച്ച് എഎംഐഇ ഉയര്‍ന്ന നിലവാരത്തില്‍ ജയിച്ച് ചാര്‍ട്ടേര്‍ഡ് സിവില്‍ എന്‍ജിനീയറായി. തുടര്‍ന്ന് 1967ല്‍ പാലങ്ങളുടെ പ്രശസ്ത എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റായ ഗാമണ്‍ കമ്പനിയിലും തുടര്‍ന്ന് പ്രശസ്ത ജര്‍മ്മന്‍ പ്രോസസ് പ്ലാന്റ് കണ്‍സള്‍ട്ടന്റായ ഫ്രെഡറിക് ഉദേ ജിഎംപിഎച്ചില് സീനിയര്‍ പ്രൊജക്ട് എന്‍ജിനീയറായി. 1970 കളുടെ ആദ്യത്തില്‍ ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സിന്റെ പുതിയ പ്ലാന്റിന്റെ പ്രൊജക്ട് ചീഫ് (സിവില്‍) ആയിരുന്നു. 1980 വരെ പിന്നീട് ഉദേ ഇന്ത്യ ലിമിറ്റഡായ കമ്പനിയുടെ ഏറ്റവും പ്രിയ്കരനും കരുത്തനുമായിരുന്ന എന്‍ജിനീയറായി തുടര്‍ന്നു. ആ വര്‍ഷമാണ് സ്വന്തമായി ഗുജറാത്തിലെ അങ്കലേശ്വറില്‍ (ജിഐഡിസി) സ്വന്തമായി തൃവേണി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം തുടങ്ങിയത്. തുടക്കത്തില്‍ എച്ച്ഡിപിഇ പൈപ്പുകളാണ് ഉണ്ടാക്കിയിരുന്നത്. പിന്നീട് പോളി പ്രോപ്പിലിന്‍ ഫില്‍ട്ടര്‍ പ്ലെയിറ്റുകള്‍ കംപ്രഷന്‍ മോള്‍ഡ് ചെയ്തെടുക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയില്‍ തനതായി വികസിപ്പിച്ചെടുത്തു. മറ്റൊരു ഗുജറാത്തി സ്ഥാപനവുമായി ഉണ്ടാക്കിയ എഗ്രിമെന്റില്‍ വലിയഭാഗം ഫില്‍ട്ടര്‍ പ്ലേറ്റുകള്‍ എക്സ്പോര്‍ട്ട് ചെയ്തു.
സ്വത്തുക്കള്‍ എല്ലാം കൈമാറിയിട്ടും നാട്ടില്‍ മാറ്റി സ്ഥാപിച്ച ചെറിയ യൂണിറ്റിന്റെ വരുമാനം കൊണ്ട് ത്രേസ്യാമ്മ മെമ്മോറിയല്‍ ആശുപത്രിയില്‍ വന്നിരുന്ന അനേകം ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് മാസം 1000 രൂപ വീതം ആശ്വാസമായി 2017 വരെ നല്‍കിയിരുന്നു.