മാപ്രാണം നന്തിക്കര റോഡ് നവീകരിക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊതുമരാമത്ത് റോഡുകൾ അന്പതു ശതമാനം ലോകോത്തര നിലവാരത്തിലെത്തിച്ചു: മന്ത്രി
ഠ നേട്ടം രണ്ടുവർഷംകൊണ്ടെന്നു മന്ത്രി റിയാസ്
ഠ മാപ്രാണം നന്തിക്കര റോഡ് നവീകരണം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ 30,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളുടെ അന്പതു ശതമാനവും രണ്ടു വർഷത്തിനിടെ ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തിയെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അഞ്ചുവർഷംകൊണ്ടു കൈവരിക്കേണ്ട ലക്ഷ്യമാണു രണ്ടുവർഷവും രണ്ടുമാസവുമെടുത്തു പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.
ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ ജില്ലാതല പാതയായ മാപ്രാണം നന്തിക്കര റോഡ് നബാർഡിൽ നിന്നുള്ള 15.30 കോടി ചെലവിട്ടു നവീകരിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മാപ്രാണം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. കിഴുത്താണി കാറളം റോഡ് (ആറു കോടി), പൊറത്തിശ്ശേരി ചെമ്മണ്ട കാറളം (നാലുകോടി), തൊമ്മാന തുന്പൂർ പുത്തൻച്ചിറ (രണ്ടു കോടി) എഴുന്നളളത്ത് പാത (അഞ്ചു കോടി) എന്നീ പൊതുമരാമത്തു റോഡുകളുടെ പുനരുദ്ധാരണം കഴിഞ്ഞെന്നും അഞ്ചുകോടി ചെലവിൽ ആളൂർ കൊന്പിടി റോഡിന്റെ നവീകരണം പുരോഗമിക്കുകയാണെന്നും ആനന്ദപുരം നെല്ലായി റോഡിന് 10 കോടി രൂപ അനുവദിച്ചെന്നും മന്ത്രി ബിന്ദു പറഞ്ഞു.
എട്ടര കിലോമീറ്ററും 5.50 മീറ്റർ വീതിയുള്ള റോഡ് ഏഴുമീറ്റർ വീതിയിൽ പുനർ നിർമിക്കുന്നതിനൊപ്പം വെള്ളക്കെട്ടിനും പരിഹാരമുണ്ടാക്കും. പുതിയ കോണ്ക്രീറ്റ് കാനകളുടെയും കൾവർട്ടുകളുടെയും നിർമാണവും റോഡ് സുരക്ഷാ ബോർഡുകളും റോഡ് മാർക്കിംഗും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുക്കാട് എംഎൽഎ കെ.കെ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, നഗരസഭ ചെയർപേഴ്സണ് സജ സഞ്ജീവ്കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റുമാരായ ലളിത ബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, ജോസ് ജെ. ചിറ്റിലപ്പിള്ളി, വാർഡ് കൗണ്സിലർ ലിജി സജി എന്നിവർ പ്രസംഗിച്ചു.