ഇരിങ്ങാലക്കുട നഗരസഭയില്‍ നടപ്പിലാക്കുന്നത് 10.10 കോടി രൂപയുടെ പദ്ധതികള്‍
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയില്‍ 2021 മുതല്‍ 2027 വരെയുള്ള കാലയളവിലായി നടപ്പിലാക്കുന്നത് 10.10 കോടി രൂപയുടെ പദ്ധതികള്‍. ലോക ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ 70% ചിലവും പ്രസ്തുതധനകാര്യ ഏജന്‍സികള്‍ വഹിക്കുമ്പോള്‍ 30% സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ആദ്യഘട്ടത്തില്‍ 84 ലക്ഷം രൂപയുടെ പതിനാല് പദ്ധതികളാണ് ഇരിങ്ങാലക്കുട നഗരസഭയില്‍ നടപ്പിലാക്കുന്നത്. ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിന്റെ നവീകരണം, ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവയാണ് ഇവയില്‍ ഉള്‍പ്പെടുന്ന പ്രധാന പദ്ധതികള്‍. രണ്ടാം ഘട്ടത്തില്‍ ഒന്നരക്കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക. സിസി ക്യാമറകള്‍ സ്ഥാപിക്കല്‍, ഹരിത കര്‍മ്മസേനയ്ക്ക് ഇ ഓട്ടോകള്‍, വുഡ് ഷ്രെസിംഗ് മെഷീന്, വീടുകളില്‍ റിംഗ് കംപോസ്റ്റ്, ബയോ കംപോസ്റ്റ് വിതരണം, മെറ്റീരിയല്‍ കളക്ഷന്‍ സെന്ററില്‍ ഓഫീസ്, കഫേ, അടുക്കള എന്നിവയ്ക്കായി കെട്ടിട നിര്‍മാണം എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത് സംബന്ധിച്ച് ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ടി.വി. ചാര്‍ലി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന്, ജയ്സന് പാറേക്കാടന്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജിഷ ജോബി, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, പദ്ധതി ഉദ്യോഗസ്ഥരായ അനൂപ് കൃഷ്ണ, റോയ് ജോഷ് എന്നിവര്‍ സംസാരിച്ചു.