മാപ്രാണം ചാത്തന്മാസ്റര് ഹാൾ, നഗരസഭാ അധികൃതര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് കെപിഎംഎസ്
ബൈലോവിന് രൂപം നല്കുമെന്നു ചെയര്‍പേഴ്സണ്‍
ഇരിങ്ങാലക്കുട: മൂന്നരക്കോടി രൂപ ചെലവില്‍ മുന്‍ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.കെ. ചാത്തന് മാസ്റ്ററുടെ പേരില്‍ നിര്‍മിച്ച ഹാളിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി കെപിഎംഎസ്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ലിഫ്റ്റിന്റ പണി പൂര്‍ത്തിയായിട്ടില്ല. കിണറ്റിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഹാളിന്റെ നടത്തിപ്പ് സംബന്ധിച്ച് ബൈലോവിന് രൂപംനല്‍കണമെന്നും കെപിഎംഎസ് നേതാക്കള്‍ നഗരസഭ ചെയര്‍പേഴ്സനെ നേരില്‍കണ്ട് ആവശ്യപ്പെട്ടു. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിക്കഴിഞ്ഞതോടെ ഹാള്‍ ആരും ശ്രദ്ധിക്കാന്‍ ഇല്ലാത്ത അവസ്ഥയിലാണ്. ഹാളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിച്ച ഘട്ടത്തില്‍ നല്കിയ ഉറപ്പുകള്‍ പാലിക്കണം. പട്ടികജാതി വിഭാഗ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹാള്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സൗജന്യമാണെന്ന് രേഖാമൂലം ഉറപ്പുനല്‍കണം. ഹാളിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മോണിറ്ററിംഗ് കമ്മിറ്റിയെ നിയമിക്കണമെന്നും ഹാളിന്റെ മേല്‍നോട്ടത്തിന് പട്ടികവിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കെപിഎംഎസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.എ. അജയഘോഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍. സുരന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി. രഘു, ശശി കൊരട്ടി, കെ.പി. ശോഭന, എരിയ സെക്രട്ടറി പി.സി. രാജു എന്നിവര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ചാത്തന് മാസ്റ്ററുടെ നൂറാ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെപിഎംഎസ് ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ലിഫ്റ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ വിശദീകരിച്ചു. കിണറ്റിലെ വെള്ളം സംബന്ധിച്ച പരിശോധന നടത്തിയതാണ്. ഒരിക്കല്‍കൂടി പരിശോധിക്കും. ഹാളിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ബൈലോയ്ക്ക് രൂപം നല്‍കുന്നുണ്ടെന്നും മേല്‍നോട്ടത്തിന് ആരോഗ്യ വിഭാഗത്തില്‍നിന്നും ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്സണ്‍ മറുപടി നല്കി. സ്മാരക നിര്‍മാണം സംബന്ധിച്ച ആവശ്യം കൗണ്‍സിലിന്റെ പരിഗണനയ്ക്ക് കൊണ്ടുവരുമെന്നും പറഞ്ഞു. നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസും ചര്‍ച്ചകളില്‍ പങ്കെടുത്തു.