കരുവന്നൂര്ക്കാര്ക്ക് ഇത്തവണയും കണ്ണീരോണം, നിക്ഷേപകര്‍ ഇപ്പോഴും പണത്തിനുവേണ്ടി ബാങ്കില്‍ കയറിയിറങ്ങുകയാണ്
ഇരിങ്ങാലക്കുട: ഇവിടെ തകര്‍ന്നതു ബാങ്കല്ല, കരുവന്നൂര്ക്കാരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. ഒരു സഹകരണ ബാങ്ക് ആ നാടിന്റെ വളര്‍ച്ച വേഗത്തിലാക്കി. അതേ ബാങ്ക് തകര്‍ച്ചയിലൂടെ ആ നാടിന്റെ നട്ടെല്ലൊടിച്ചു. സിപിഎം തുടര്‍ച്ചയായി ഭരിച്ച കരുവന്നൂര്‍ ബാങ്ക് വരുത്തിവച്ച ദുരിതങ്ങള്‍ ഏറെയാണ്. ബാങ്ക് തട്ടിപ്പിന്റെ പ്രഹരം അനുഭവിക്കണ്ടിവന്നതു സാധാരണക്കാരും രോഗികളും പ്രായമായവരുമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി കരുവന്നൂക്കാരുടെ മുഖങ്ങളില്‍ സന്തോഷമില്ല. പകരം ആശങ്കയാണ്. വികസനമില്ല, പകരം വിശ്വാസമില്ലായ്മയാണ്. ആഘോഷങ്ങളില്ല, പകരം ആകാംഷ മാത്രം. പണമൊഴുകിയ മേഖലകളില്‍ ഇന്നു കടംവാങ്ങലുകളുടെ കാലം. 300 കോടിയിലേറെ തട്ടിപ്പുനടത്തി കരുവന്നൂര്‍ ബാങ്കിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ചവരാണ് ഈ ബാങ്കിന്റെ പ്രവര്‍ത്തനമേഖലയില്‍ ദുരന്തസമാനമായ അന്തരീക്ഷമൊരുക്കിയത്. നിക്ഷേപമില്ലാത്ത വീടുകളില്ലാതിരുന്ന കരുവന്നൂരിലിപ്പോള് കടം വാങ്ങാത്ത വീടുകളില്ല എന്ന അവസ്ഥയാണ്.
ആത്മഹത്യ ചെയ്തവര്‍ രണ്ട്
കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ പഞ്ചായത്തംഗം കരുവന്നൂര്‍ തേലപ്പിള്ളി സ്വദേശി തളിയക്കാട്ടില്‍ ടി.എം. മുകുന്ദന് (63), മാപ്രാണം തളിയക്കോണം സ്വദേശി ആലപ്പാടന്‍ ജോസ് (62) എന്നിവരാണ് ആത്മഹത്യ ചെയ്തത്. പൊറത്തിശേരി പഞ്ചായത്തംഗവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് എക്സിക്യുട്ടീവ് അംഗവും ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം ഭരണ സമിതിയംഗവുമായിരുന്ന മുകുന്ദന് 2021 ജൂലൈ 22 നാണ് ജീവനൊടുക്കിയത്. ഒക്ടോബര്‍ 28 നാണ് ജോസ് ജീവനൊടുക്കിയത്. ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിയെ തുടര്‍ന്നാണ് ഇരുവരും ജീവനൊടുക്കുവാന്‍ കാരണം. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം വിദഗ്ധ ചികിത്സയ്ക്ക് പോലും കിട്ടാതെ മരിച്ചവരാണ് മാപ്രാണം ഏറാട്ടുപറമ്പില്‍ ദേവസിയു ടെ ഭാര്യ ഫിലോമിന, തളിയക്കോണം എടച്ചാലി വീട്ടില്‍ രാമന് എന്നിവര്‍. നിരവധി പേരാണ് ഇപ്പോഴും ചികിത്സയ്ക്കു പണം ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്.
കച്ചവടങ്ങള്‍ പൂട്ടി, പൊട്ടി
പഴയ പൊറത്തിശേരി പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് ഇപ്പോള്‍ ഇരിങ്ങാലക്കുട നഗരസഭയുടെ 21 വാര്‍ഡുകളുടെ പരിധിയിലാണ്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 80 പുതിയവീടുകള്‍ ഉയര്‍ന്ന ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം നിര്‍മിച്ചത് അഞ്ചു പുതിയ വീടുകള്‍ മാത്രം. തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടനിര്‍മാണാനുമതി പ്രകാരമുള്ള കണക്കാണിത്. 2021 ജൂലൈയില്‍ ബാങ്കിലെ തട്ടിപ്പ് പുറത്തറിയുകയും കേസെടുക്കുകയും പണം പിന്‍വലിക്കുന്നതിനു നിയന്ത്രണം വരികയും ചെയ്തതോടെ എല്ലാ മേഖലയും സ്തംഭിച്ചു. ആറ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ചെറുതും വലുതുമായ നൂറോളം വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടി. വിദേശത്തുനിന്ന് മടങ്ങി നാട്ടിലെത്തി സംരംഭം തുടങ്ങിയവര്‍ വീണ്ടും പ്രവാസത്തിലേക്കു മടങ്ങി. പല പദ്ധതികളും പാതി വഴിയിലായി. നോട്ടു നിരോധനകാലത്തും വെള്ളപ്പൊക്കത്തിലും പതറാതെ, ഇടപാടുകാരെ വലയ്ക്കാതെ മുന്നേറിയ ബാങ്ക് ചതിക്കുകയായിരുന്നെന്ന് പിന്നീടാണു നിക്ഷേപകര്‍ അറിഞ്ഞത്.
താമസക്കാരില്ലാതെ 400 വീടുകള്‍
ഏറ്റവുമധികം പേര് വീടൊഴിയുന്ന മേഖല എന്ന തലത്തിലേക്ക് കരുവന്നൂര്‍ ബാങ്കിന്റെ പ്രര്‍ത്തന പരിധി മാറി. 2021 ജൂലൈയില്‍ ബാങ്കിന്റെ തട്ടിപ്പും തകര്‍ച്ചയും പുറത്തായതോടെ ഇവിടെനിന്നു താമസക്കാര്‍ മാറിത്തുടങ്ങി. രണ്ടു വര്‍ഷത്തിനിടെ നാനൂറോളം പേരാണ് ഇവിടെ നിന്ന് വീടൊഴിഞ്ഞത്. ബാങ്കില്‍ തട്ടിപ്പു നടത്തിയതിനു കണ്ടുകെട്ടി മൂന്നു വീടും ഇതില്‍പ്പെടും. കരുവന്നൂര്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് വീടുവച്ച് തിരിച്ചടക്കാനാകാതെ വീടൊഴിഞ്ഞവര്‍ ഏറെയുണ്ട്.
വായപ നേടിയവര്‍ ബാങ്കില്‍ ഈടുവച്ച സ്വര്‍ണാഭരണങ്ങള്‍ മുക്കുപണ്ടം
വ്യക്തിഗത വായപ നേടിയവര്‍ കരുവന്നൂര്‍ ബാങ്കില്‍ ഈടുവച്ച സ്വര്‍ണാഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന രഹസ്യ വിവരം ഇഡിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്ക് ലോക്കറിലെ സ്വര്‍ണാഭരണങ്ങള്‍ ഇതുവരെ ഇഡി പരിശോധിച്ചിട്ടില്ല. സംശയമുനയിലുള്ളവരുമായി മുന്‍ മന്ത്രി മൊയ്തീനു നേരിട്ടു ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവകള്‍ ഇഡിക്കു ലഭിച്ചിട്ടുണ്ട്. ഇഡി പുറത്തുവിട്ട രേഖയില്‍ പറയുന്ന സി.എം. റഹീം, എം.കെ. ഷിജു, പി. സതീഷ്കുമാര്‍ എന്നിവരില്‍ ആദ്യ രണ്ടുപേരും ബാങ്കിന്റെ മുന്‍ മാനേജരും ക്രൈംബ്രാജ് കേസിലെ രണ്ടാം പ്രതിയുമായ ബിജു കരീമിന്റെ അടുത്ത ബ്ധുക്കളാണ്. ഇരുവരും ഭാര്യമാരും ചേര്‍ന്നു തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റ് എ.സി. മൊയ്തീന് ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രമടക്കം ഇഡി തെളിവായി സ്വീകരിച്ചു. സതീഷ്കുമാറിനെ പരിചയമുണ്ടായിരുന്നെന്നു മൊയ്തീന് ഇഡിയോട് സമ്മതിച്ചിട്ടുണ്ട്. തട്ടിപ്പുപുറത്തുവന്ന സമയത്ത് മൊയ്തീനായിരുന്നു സഹകരണ മന്ത്രി. മാത്രമല്ല തട്ടിപ്പിന്റെ ആദ്യവിവരം ലഭിച്ചവരില്‍ ഒരാളും മൊയ്തീനായിരുന്നു. ഈടുവച്ച വസ്തുക്കളുടെ വില പെരുപ്പിച്ചുകാട്ടി പണംതട്ടിച്ചതും ഇഡി കണ്ടെത്തിയിട്ടുണ്ട്. മുന്‍ മന്ത്രിയുടെ അടുപ്പക്കാരനായ സ്വര്‍ണ വ്യവസായിക്ക് 15 കോടിലഭിച്ചതായും സൂനയുണ്ട്. കമ്മീഷന് ഏജന്റായ എ.കെ. ബിജോയ് 30 കോടി ഉണ്ടാക്കിയെന്നും അതു റിസോര്‍ട്ട് പണിയാനും മറ്റും ഉപയോഗിച്ചെന്നും ആരോപണമുണ്ട്. ബിജോയ്, ബാങ്ക് മാനേജര്‍ ബിജുവുമായി നടത്തിയിരുന്ന ഇടപാടുകളുടെ വിശദാംശങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്.
പ്രതികള്‍ നാട്ടില്‍ വിലസുന്നു
കേസില്‍ പ്രതികളായവര്‍ നാട്ടില്‍ വിലസുകയാണ്. ഒന്നാം പ്രതി ബാങ്ക് മുന്‍ സെക്രട്ടറി മാടായിക്കോണം തൈവളപ്പില്‍ വീട്ടില്‍ സുനില്‍കുമാര്‍ (58), രണ്ടാം പ്രതി ബാങ്ക് മുന്‍ ബ്രാഞ്ച് മാനേജര്‍ മാപ്രാണം സ്വദേശി മുത്രത്തിപ്പറമ്പല് എം.കെ. ബിജു (45), മൂന്നാം പ്രതി ബാങ്ക് മുന്‍ സീനിയര്‍ അക്കൗണ്ടന്റ് പൊറത്തിശേരി ചെല്ലിക്കര ജില്‍സ് (43), നാലാം പ്രതി ബാങ്ക് മെമ്പര്‍ പെരിഞ്ഞനം പള്ളത്തുവീട്ടില്‍ കിരണ്‍ (31), അഞ്ചാം പ്രതി ബാങ്ക് റബ്കോ മുന്‍ കമ്മീഷന് ഏജന്റ് കൊരുമ്പിശേരി അനന്തത്തുപറമ്പില്‍ ബിജോയ് (47), ആറാം പ്രതി ബാങ്ക് സൂപ്പര്‍ മാര്‍ക്കറ്റ് മുന്‍ അക്കൗണ്ടന്റ് മൂര്‍ക്കനാട് പുന്നപ്പിള്ളി വീട്ടില്‍ റെജി അനില്‍ (43), എന്നിവര്‍ക്കു പുറമേ ബാങ്ക് ഡയറക്ടര്‍മാരും പ്രതികളാണ്.