റവന്യു ജില്ല ശാസ്ത്രോത്സവും വൊക്കേഷണല്‍ എക്സ്പോയും 154 ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത് 3187 വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട : തൃശൂര്‍ റവന്യുജില്ല ശാസ്ത്രോത്സവവും വൊക്കേഷണല്‍ എക്സ്പോയും 7, 8 തിയതികളില്‍ ഇരിങ്ങാലക്കുടയില്‍ നടക്കും. ഏഴിന് രാവിലെ 9.30ന് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഇ.ടി. ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. അഞ്ച് സ്കൂളുകളിലെ വേദികളിലായി 154 ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ 3187 വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, ജനറല്‍ കണ്‍വീനറും ഡിഡിയുമായ ഡി. ഷാജിമോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗവ, എയ്ഡഡ്, അണ്‍എയ്ഡഡ് വിഭാഗങ്ങളിലെ 1028 സ്കൂളുകളാണ് മത്സരങ്ങളില്‍ പങ്കാളികളാകുന്നത്. സയന്‍സ്, ഐടി ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലും സാമൂഹ്യശാസ്ത്രമേള നാഷണല്‍ സ്കൂളിലും പ്രവൃത്തിപരിചയ മേള സെന്റ് മേരീസിലും ഗണിതശാസ്ത്ര മേള ഡോണ്‍ബോസ്കോയിലും വൊക്കേഷണല്‍ എക്സ്പോ ബോയ്സ് സ്കൂളിലുമാണ് നടക്കുന്നത്.
തൃശൂര്‍, ഇടുക്കി ജില്ലകളിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പാഠ്യപദ്ധതികളുടെ ഭാഗമായി നിര്‍മിക്കുന്ന ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രദര്‍ശനവും വില്പനയും വിവിധ സ്റ്റാളുകളില്‍ ഉണ്ടായിരിക്കും. അധ്യാപകരും രക്ഷിതാക്കളുമടക്കം അയ്യായിരത്തോളംപേരാണ് രണ്ട് ദിവസങ്ങളിലായി പട്ടണത്തില്‍ എത്തിച്ചേരുകയെന്നും എഴ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇവര്‍ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞതായും സംഘാടകര്‍ അറിയിച്ചു. എട്ടിന് വൈകീട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനം വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ പി. നവീന, ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ നവീന, പബ്ലിസിറ്റി കണ്‍വീനര്‍ പി.വി. ജോണ്സന്, ജോ. കണ്‍വീനര്‍ സൈമണ്‍ ജോസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.