പ്രാദേശിക ചരിത്രരചനയില്‍ ഗവേഷകര്‍ ശ്രദ്ധിക്കണം: ഡോ. എസ്.കെ. വസന്തന്
ഇരിങ്ങാലക്കുട: മലയാള ഗവേഷണ പ്രബന്ധങ്ങളുടെ നിലവാര ശോഷണത്തിന് കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണമെന്നും പ്രാദേശിക ചരിത്രത്തില്‍ ഗവേഷകര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഡോ. എസ്.കെ. വസന്തന് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാ നൈപുണി അവാര്‍ഡ് കുറവിലങ്ങാട് ദേവമാതാ കോളജ് വിദ്യാര്‍ഥിനി അനുപ്രിയ ജോജോയ്ക്ക് 5001 രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടംകുളം സമരത്തെക്കുറിച്ചും ഇരിങ്ങാലക്കുടയുടെ ചരിത്രത്തെകുറിച്ചും കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. അതിന് ചരിത്രസംഭവങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍ രേഖപ്പെടുത്താന്‍ ഗവേഷകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തച്ഛന് പുരസ്കാരം നേടിയ ഡോ. എസ്.കെ. വസന്തനെ കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ പൊന്നാട നല്കി ആദരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷനായ യോഗത്തില്‍ ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, പുരസ്കാരസമിതി കണ്‍വീനര്‍ ഡോ.സി.വി. സുധീര്‍, മലയാള വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ സിന്റോ കോങ്കോത്ത് എന്നിവര്‍ പ്രസംഗിച്ചു. ക്രൈസ്റ്റ് കോളജിലെ ഏറ്റവും മികച്ച മലയാളം പ്രബന്ധത്തിന് അര്‍ഹനായ നെവിസ് അഗസ്റ്റിന് 1001 രൂപയും ഫലകവും പുരസ്കാരംനല്കി.