ഭിന്നശേഷി കുട്ടി കര്‍ഷകര്‍ക്ക് ആദരം നൽകി
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സിയുടെ തനത് പരിപാടിയായ കുട്ടി കര്ഷകന് എന്ന പരിപാടിയുടെ സമ്മാനദാനം നിര്‍വഹിച്ചു. 27 കുട്ടികളാണ് കുട്ടി കര്ഷകന് എന്ന പരിപാടിയില്‍ പങ്കെടുത്തത്. അവര്‍ക്ക് തക്കാളി, വെണ്ട, വഴുതന, കാബേജ്, പച്ചമുളക് എന്നിവയുടെ അഞ്ചു തൈകള്‍ വീതം നവംബര്‍ മാസത്തില്‍ കൊടുത്തു. നവംബര്‍ മാസത്തില്‍ തുടങ്ങിയ പരിപാടി മൂന്നുമാസത്തെ കാലയളവിലാണ് വിളവെടുപ്പ് പൂര്‍ത്തിയായത്. ഇവര്‍ക്ക് വേണ്ടി ഒരു വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കുകയും ഇതില്‍ ചെടികളുടെ ഓരോ ഘട്ടങ്ങളിലും ഉള്ള വളര്‍ച്ചകളും അതിന്റെ ഫലങ്ങളും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല മികച്ച കുട്ടി കര്‍ഷകരുടെ വീടുകള്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റേഴ്സ് സന്ദര്‍ശിച്ച് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടി കര്‍ഷകന്റെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിശ്ചയിക്കുകയും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കുകയും ചെയ്തു. ഡിപിഒ ബ്രിജി സാജന് ഉദ്ഘാടനം ചെയ്തു. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍ ആശംസ അര്‍പ്പിച്ചു. ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും വിദ്യാര്‍ഥികളും ബിആര്‍സി സ്റ്റാഫുകളും ചടങ്ങില്‍ പങ്കെടുത്തു. ബിപിസി കെ.ആര്. സത്യപാലന് സ്വാഗതവും സ്പെഷ്യല്‍ എഡ്യൂക്കേര്‍ ആര്. സുജാത നന്ദിയും പറഞ്ഞു.