ശ്രദ്ധേയമായി ക്രൈസ്റ്റ് ഓള് കേരള സിവില്‍ എന്‍ജിനീയറിംഗ് ഹാക്കത്തോണ്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച രണ്ടാമത് ഓള് കേരള ഐഡിയ പിച്ചിംഗ് ഹാക്കത്തോണ്‍ റാക്ക് ആന്‍ഡ് ക്രാക്ക് 2024 കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്നു. കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള നഗര ആസൂത്രണവും ഗതാഗത നിയന്ത്രണവും, മൈക്രോപ്ലാസ്റ്റിക്സ് മലിനീകരണം, സ്ട്രക്ചറല്‍ ഹെല്‍ത്ത് മോണിറ്ററിംഗ് ടെക്നിക്കുകള്‍, സുസ്ഥിര നിര്‍മ്മാണ സാമഗ്രികള്‍, പ്രതികൂല സാഹചര്യങ്ങളിലെ സ്ട്രക്ചറല്‍ സ്ഥിരതയും പ്രകടനവും തുടങ്ങി സമകാലീന എന്‍ജിനീയറിംഗ് വിഷയങ്ങള്‍ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ കേരളത്തിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അര ലക്ഷത്തിലേറെ രൂപയാണ് സമ്മാനത്തുകയായി ഒരുക്കിയിരുന്നത്. കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്), മുത്തൂറ്റ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അധ്യാപകരായ ഡോ. എം.ജി. കൃഷ്ണപ്രിയ, വി.പി. പ്രഭാ ശങ്കര്‍, അങ്കിത ശശിധരന് വിദ്യാര്‍ഥികളായ നവ്യ രവി, എം.എസ്. നിഹാസ് എന്നിവര്‍ ഹാക്കത്തോണിന് നേതൃത്വം നല്കി. സമാപന സമ്മേളനത്തില്‍ കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി സിഎംഐ, ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ്, ഡോ. ജിനോ ജോണ്‍, വ്യവസായ പ്രതിനിധികളായ ഡോ. അനില സിറില്‍ (നാറ്റ്പാക്), എം.എസ്. ആദര്‍ശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.