കൂടല്‍മാണിക്യം ഉത്സവം; ആദ്യശീവേലി, പഞ്ചാരിയില്‍ നാദവിസ്മയം തീര്‍ത്തു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ആദ്യശീവേലി പഞ്ചാരിയില്‍ നാദവിസ്മയം തീര്‍ത്തു. പ്രഗത്ഭ മേളകലാകാരനായ കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ പ്രമാണത്തിലായിരുന്നു ആദ്യ ശീവേലിമേളം. ചിറക്കല്‍ കാളിദാസന് ഭഗവാന്റെ തിടമ്പേറ്റി നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേഗോപുരത്തില്‍ ശീവേലിക്കായി എത്തിയപ്പോള്‍ സമയം 8.30. പഞ്ചാരിയുടെ ഒന്നാംകാലത്തിന്റെ ആദ്യകോല്‍ മേളപ്രാമാണികന്റെ ചെണ്ടപ്പുറത്ത് വീണ് നാദമായപ്പോള് അകമ്പടിയായി കൊമ്പും കുഴലും ചേങ്ങിലയും താളമിട്ടു. ഇടയ്ക്കയും തിമിലയും ചെണ്ടയും തവിലിലും കൊട്ടിത്തീര്‍ത്ത 120 ലേറെ കലാകാരന്മാരുടെ പഞ്ചാരിമേളത്തിന്റെ സംഗീതാത്മകതയില്‍ ജനങ്ങള്‍ മുഴുകി. രാവിലത്തെ അനാര്‍ഭാടമായ നാലു പ്രദക്ഷിണത്തിനു ശേഷം പഞ്ചാരിമേളത്തിന്റെ പതികാലത്തിന്റെ ആദ്യസ്പന്ദനം പൊട്ടിത്തെറിക്കുന്നതോടെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നാദപ്രപഞ്ചത്തിന് നാന്ദി കുറിക്കുകയായി. ആദ്യശീവേലി ആസ്വദിക്കാന്‍ രാവിലെ മുതല്‍ തന്നെ സംഗമസന്നിധിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. കിഴക്കേ നടപ്പുരയില്‍ പഞ്ചാരിയുടെ പതികാലവും തെക്കേനടയില്‍ രണ്ടാംകാലവും കൊട്ടിയശേഷം പടിഞ്ഞാറേ നടപ്പുരയില്‍ മൂന്നും നാലും അഞ്ചും കാലം കൊട്ടിക്കലാശിച്ചു. തുടര്‍ന്ന് രൂപകം കൊട്ടി വടക്കേനടയില്‍ ചെമ്പടമേളത്തിലേക്ക് കടന്നു. ചെമ്പടയില്‍ വകകൊട്ടല്‍ ഇരിങ്ങാലക്കുട ഉത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്. തുടര്‍ന്ന് കിഴക്കേനടയിലെത്തി ചെമ്പടമേളം കൊട്ടിക്കലാശിച്ചതോടെ ആദ്യശീവേലിക്ക് സമാപനമായി. നാലുമണിക്കൂര്‍ നീണ്ട ആദ്യശീവേലിക്ക് സമാപനംകുറിച്ച് ഭക്തര്‍ നിര്‍വൃതിയോടെ മടങ്ങി. രാത്രി വിളക്കെഴുന്നള്ളിപ്പിനും കലാനിലയം ഉദയന്‍ നമ്പൂതിരി പ്രമാണം വഹിച്ചു. രാത്രി വിളക്കെഴുന്നള്ളിപ്പിന് കുട്ടന്‍കുളങ്ങര അര്ജുനന് ഭഗവാന്റെ തിടമ്പേറ്റി.
മൂന്നാം ഉത്സവം (ഏപ്രില്‍ 24)
കൂടല്‍മാണിക്യത്തില്‍ ഇന്ന്
രാവിലെ 8.30 മുതല്‍ ശീവേലി. 9.30 മുതല്‍ വിളക്ക്. പഞ്ചാരിമേളത്തിന് ഇരിങ്ങാലക്കുട രാജീവ് വാര്യര്‍ പ്രമാണം വഹിക്കും.
(സ്പെഷല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് ഒരു മണി മുതല്‍ 4.15 വരെ തിരുവാതിരക്കളി, 4.15 മുതല്‍ അഞ്ച് വരെ മണ്ണാറശാല കാരിക്കമഠം ധന്യ നന്ദകുമാറിന്റെ ഭരതനാട്യം, അഞ്ച് മുതല്‍ 5.30 രെ ശ്രീലക്ഷ്മി മക്രേരിയുടെ ഭരതനാട്യം, 5.30 മുതല്‍ 6.30 വരെ ഊരകം കെ. ശ്രീദേവിയുടെ കര്‍ണാടക സംഗീതം, 6.30 മുതല്‍ 7.30 വരെ കണ്ണൂര്‍ പഞ്ചമുഖിയുടെ ഭരതനാട്യം, 7.30 മുതല്‍ രാത്രി 8.30 വരെ നിരുപമ എസ്. ചിറത്തിന്റെ കര്‍ണാടകസംഗീതം, 8.30 മുതല്‍ 9.15 വരെ കണ്ണൂര്‍ തലശേരി ദീപ്തി പ്രേംശാന്തിന്റെ ഭരതനാട്യം, 9.15 മുതല്‍ 10 വരെ തൃശൂര്‍ ഗൗരി പാര്‍വതിയുടെ നൃത്തനൃത്യങ്ങള്‍, 10 മുതല്‍ 10.45 വരെ കല്ലംകുന്ന് കൈരളി നൃത്തവിദ്യാലയം കലാമണ്ഡലം മിനി രാധാകൃഷ്ണന് അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്തം.
(സംഗമം വേദിയില്‍)
ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 3.30 വരെ തിരുവാതിരക്കളി, 3.30 മുതല്‍ നാല് വരെ നിരഞ്ജന് ടി. മേനോന്റെ ശാസ്ത്രീയ സംഗീതം, നാല് മുതല്‍ അഞ്ച് വരെ ഭവപ്രിയ അയ്യരും വിദ്യാലക്ഷ്മി അയ്യരും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, അഞ്ച് മുതല്‍ ആറ് വരെ ചെന്നൈ രമ്യ വെങ്കിട്ടരാമന്റെ ഭരതനാട്യം, ആറ് മുതല്‍ അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം, ഏഴ് മുതല്‍ എട്ട് വരെ ഡോ. എന്‍. ബിജു ബാലകൃഷ്ണന്റെ ഭക്തിഗാനാഞ്ജലി, എട്ട് മുതല്‍ ഒമ്പത് വരെ ബിന്ദു ലക്ഷ്മിയും പ്രദീപും അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്തകച്ചേരി, ഒമ്പത് മുതല്‍ 10 വരെ ഇരിങ്ങാലക്കുട ഡോ ഷൈമയും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്തം, 9.30 ന് വിളക്ക്, 12 ന് കഥകളി-ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റെ ദേവയാനി ചരിതം, അംബരീക്ഷചരിതം.