കൂടല്‍മാണിക്യം ക്ഷേത്രോത്സവം; പകല്‍ ശീവേലി എഴുന്നള്ളത്തും രാത്രി വിളക്കും ദര്‍ശിക്കാന്‍ ആയിരങ്ങള്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവം നാലുദിവസം പിന്നിടുമ്പോള്‍ രാവിലത്തെ ശീവേലി എഴുന്നള്ളത്തും രാത്രി വിളക്കും ദര്‍ശിക്കാന്‍ ആയിരങ്ങളാണ് ക്ഷേത്രങ്ങളില്‍ എത്തുന്നത്. ആനപ്രേമികള്‍ക്കും മേളപ്രേമികള്‍ക്കും ആവേശം പകരുന്നതാണ് കൂടല്‍മാണിക്യം ഉത്സവം. എട്ട് വിളക്കിനും എട്ട് ശീവേലിക്കും 17 ആനകള്‍ അണിനിരക്കും. പഞ്ചാരിമേളവും ഉണ്ടാകും. ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ച് നാലമ്പലത്തിനുചുറ്റും നാലുപ്രദക്ഷിണം ചെയ്തതിന് ശേഷമാണ് കിഴക്കെ നടപ്പുരയില്‍ പഞ്ചാരിമേളമുണരുന്നത്. നൂറോളം കലാകാരന്മാരാണ് പഞ്ചാരി മേളത്തില്‍ അണിനിരക്കുന്നത്. ഒന്നരമണിക്കൂറുകൊണ്ട് പഞ്ചാരിയുടെ പതികാലം കിഴക്കെ നടപ്പുരയില്‍ നാദപ്രപഞ്ചം തീര്‍ക്കും. തുടര്‍ന്ന് അഞ്ചാംകാലം പടിഞ്ഞാറെ നടപ്പുരയില്‍ കൊട്ടിത്തീര്‍ക്കും. രൂപകം കൊട്ടി കുലീപിനി തീര്‍ഥക്കരയില്‍ ചെമ്പട ഉതിര്‍ത്ത് കിഴക്കെ നടപ്പുരയിലെത്തി തിരുകലാശം നടത്തുന്നതോടെ മൂന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മേളം സമാപിക്കും. ശീവേലിക്കും മേളത്തിനും പഞ്ചാരിമേളത്തിന്റെ ചിട്ടവട്ടത്തിന് വ്യത്യാസമില്ല. പ്രദക്ഷിണത്തിന് തിടമ്പേറ്റുന്ന ആനയ്ക്ക് അകമ്പടി സേവിക്കുന്നത് ഉള്ളാനകളാണ്. ഇക്കുറി ദേവസ് ആരോമല്‍, നന്തിലത്ത് ഗോപീകണ്ണന് എന്നിവരാണ് ഉള്ളാനകള്‍. നാലാംദിവസമായ ഇന്നലെ രാവിലെ നടന്ന ശീവേലിക്ക് പെരുവനം പ്രകാശന്‍മാരാര്‍ പ്രമാണിയായി. ശീവേലിക്ക് ഗുരുവായൂര്‍ ജൂണിയര്‍ വിഷ്ണു തിടമ്പേറ്റി. രാത്രി എഴുന്നള്ളിപ്പിന് തിരുവമ്പാടി കണ്ണന് തിടമ്പേറ്റി. അഞ്ചാം ഉത്സവമായ ഇന്ന് രാവിലെ നടക്കുന്ന പഞ്ചാരിമേളത്തിന് ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പ്രമാണംവഹിക്കും. രാത്രി നടക്കുന്ന വിളക്കെഴുന്നള്ളിപ്പിന് കലാമണ്ഡലം ശിവദാസ് പ്രമാണംവഹിക്കും.
ചിരിമഴ പൊഴിയിച്ച് കൂടല്‍മാണിക്യത്തില്‍ ഓട്ടന്തുള്ളല് ആരംഭിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ രണ്ടാംനാളില്‍ ശീവേലിക്കുശേഷം ചിരിമഴ പൊഴിയിച്ച് കിഴക്കേ നടപ്പുരയില്‍ ഓട്ടന്‍തുളളല്‍ ആരംഭിച്ചു. കല്യാണസൗഗന്ധികം, കിരാതം, രാമാനുചരിതം, ഗണപതി പ്രാതല്‍ തുടങ്ങിയ കഥകളാണു ഇവിടെ ഓട്ടന്തുള്ളലില് അവതരിപ്പിക്കുന്നത്. വെങ്കിടങ്ങ് ശ്രീ മുരുക കലാക്ഷേത്രത്തിനറെ നേതൃത്വത്തിലാണു ഈ വര്‍ഷം ഓട്ടന്തുള്ളല് അവതരിപ്പിക്കുന്നത്. രാജീവ് വെങ്കിടങ്ങ്, രഞ്ജിനി, വിഷ്ണു ആറ്റത്തറ, വിനീഷ, അഞ്ജലി എന്നിവരാണു അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
അഞ്ചാംഉത്സവം (ഏപ്രില്‍ 26)
കൂടല്‍മാണിക്യത്തില്‍ ഇന്ന്(26.4.2024)
രാവിലെ 8.30 മുതല്‍ ശീവേലി. രാത്രി 9.30 മുതല്‍ വിളക്ക്.
സ്പെഷല്‍ പന്തലില്‍
ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 4.15 വരെ തിരുവാതിരക്കളി, 4.15 മുതല്‍ അഞ്ചുവരെ നടവരമ്പ് വൈഗ ബൈജുവിന്റെ സംഗീതക്കച്ചേരി, ഇരിങ്ങാലക്കുട രമ്യ രാജേഷും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമഞ്ജരി, 5.45 മുതല്‍ 6.15 വരെ നടവരമ്പ് മനീഷ മനോജിന്റെ ശാസ്ത്രീയനൃത്തം, 6.15 മുതല്‍ 6.45 വരെ ചെന്നൈ ജെ.വര്‍ഷയുടെ ഭരതനാട്യം, 6.45 മുതല്‍ 7.45 വരെ തലശേരി നാട്യാഞ്ജലി സ്കൂള്‍ ഓഫ് ഡാന്‍സ് ശ്രീദേവി മങ്കോറിന്റെ ഭരതനാട്യം, 7.45 മുതല്‍ രാത്രി 8.45 വരെ എടക്കുളം സുരേഷ് ലാസ്യയുടെ കുച്ചുപ്പുടി, രാത്രി8.45 മുതല്‍ 10.15 വരെ കൊച്ചി ദീപ കര്‍ത്തയുടെ കഥക്.
സംഗമം വേദിയില്‍
ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 3.30 വരെ തിരുവാതിരക്കളി, 3.30 മുതല്‍ നാലുവരെ തൃപ്രയാര്‍ നൃത്ത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംഗീതാര്‍ച്ചന, നാലുമുതല്‍ 4.30 വരെ ഇരിങ്ങാലക്കുട ഷീബ സത്യന്റെ ഭജന്‍സ്, 4.30 മുതല്‍ 5.30 വരെ അന്നമനട അനിരുദ്ധന്റെ സംഗീതക്കച്ചേരി, 5.30 മുതല്‍ 6.15 വരെ മഹാലക്ഷ്മി അനൂപിന്റെ മോഹിനിയാട്ടം, 6.15 മുതല്‍ 8.15 വരെ രജു നാരായണന്റെ ശാസ്ത്രീയസംഗീതം, 8.15 മുതല്‍ ഒമ്പതുവരെ നോര്‍ത്ത് പറവൂരിന്റെ ഭരതനാട്യം, ഒമ്പതുമുതല്‍ 10 വരെ പാദം സ്കൂള്‍ ഓഫ് കുച്ചുപ്പുടി ഗീത പത്മകുമാറും സംഘവും അവതരിപ്പിക്കുന്ന കുച്ചുപ്പുടി, രാത്രി 12ന് കഥകളി- ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റെ പൂതനാമോക്ഷം, ദുര്യോധനവധം.