കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഇന്ന് വലിയ വിളക്ക്; നാളെ പള്ളിവേട്ട, മറ്റെന്നാള്‍ ആറാട്ട്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ആറാട്ടിന് രണ്ടുനാള്‍. ഇന്നു നടക്കുന്ന വലിയവിളക്കിനും നാളെ നടക്കുന്ന പള്ളിവേട്ടയ്ക്കും ആല്‍ത്തറ മുതല്‍ ഉത്സവനഗരി വരെ പുരുഷാരം നിറഞ്ഞൊഴുകും കരിവീരന്മാരെ, മഹാപഞ്ചാരിയെ, കളിയരങ്ങിനെ കണ്ടും കേട്ടും മനം നിറയ്ക്കാന്‍. ഏപ്രില്‍ 21 ന് കൊടിയേറിയതോടെ മേളത്തിന്റെ സംഗീതത്തിന്റെ ലയത്തിലലിഞ്ഞ് ഉത്സവക്കാഴ്ചകള്‍ക്ക് ആയിരങ്ങളാണ് വന്നുപോയത്. തങ്കത്തിലും വെള്ളിയിലും തീര്‍ത്ത തലേക്കെട്ടുകളും പട്ടുകുടയും വെണ്‍ചാമരങ്ങളും ആലവട്ടങ്ങളുമായി 17 ആനകളാണ് ശീവേലിക്കും വിളക്കെഴുന്നള്ളിപ്പിനും ദിവസവും അണിനിരക്കുന്നത്. തിടമ്പേറ്റുന്ന ആനക്കിരുവശവും ഉള്ളാനകളെ നിര്‍ത്തുന്നതാണ് കൂടല്‍മാണിക്യത്തിലെ സവിശേഷത. മേളകലയുടെ ഉത്സവത്തിന് 18 പഞ്ചാരിയാണ് കൊട്ടിക്കലാശിക്കുന്നത്. കിഴക്കേ നടയിലെ ദീര്‍ഘമായ പതികാലത്തില്‍ തുടങ്ങി തെക്കേ പ്രദക്ഷിണവഴിയില്‍ രണ്ടും മൂന്നും കാലം കൊട്ടി നാലാം കാലില്‍ പടിഞ്ഞാറെ നടപ്പുരയിലെത്തി അഞ്ചാം കാലവും കൊട്ടും. പിന്നെ ചെമ്പടതാളത്തില്‍ തീര്‍ത്ഥക്കര വഴി കിഴക്കേ ഗോപുരത്തിലെത്തി കൊട്ടിക്കലാശം. പള്ളിവേട്ടക്കും ആറാട്ടിനും ആല്‍ത്തറ മുതല്‍ കുട്ടംകുളം വരെ പഞ്ചവാദ്യവും പിന്നെ ക്ഷേത്രംവരെ പാണ്ടിയും. ക്ഷേത്രകലകളായ കൂത്തും കഥകളിയും ഓട്ടന്തുള്ളലും കച്ചേരികളും ഉത്സവദിനരാത്രങ്ങളെ സമ്പന്നമാക്കി. ഇന്ന് നടക്കുന്ന വലിയവിളക്കിന് സന്ധ്യയ്്്ക്ക് വിസ്തൃതമായ ക്ഷേത്രാങ്കണം ലക്ഷദീപം കൊണ്ട് സുവര്‍ണപ്രഭ ചൊരിയും. വിളക്കിനുശേഷം ശ്രീരാമപട്ടാഭിഷേകം കഥകളി അവതരിപ്പിക്കും. പള്ളിവേട്ടനാള്‍ ഉത്സവത്തിന്റെ അവസാന ശീവേലിക്ക് മേളാസ്വാദകരായ ആയിരങ്ങള്‍ മതില്‍ക്കെട്ടിനകത്ത് നിറയും. പടിഞ്ഞാറെ നടപ്പുരയില്‍ നൂറിലേറെ കലാകാരന്മാരെ അണിനിരത്തി ഇടക്കലാശങ്ങളുടെ ഘോഷയാത്രയോടെ ആസ്വാദകരെ ആവേശക്കൊടുമുടിയിലേക്കെത്തിക്കും. നട്ടുച്ചയ്ക്ക് നിലാവു പെയ്യിക്കുന്ന കൂടല്‍മാണിക്യത്തിലെ പഞ്ചാരിക്കുവേണ്ടി ഒരു വര്‍ഷത്തെ കാത്തിരിപ്പിനായി മേളക്കമ്പക്കാര്‍ പിരിയും. രാത്രി പള്ളിവേട്ട ആല്‍ത്തറയ്ക്കല്‍ പള്ളിനായാട്ടുകഴിഞ്ഞ് അഞ്ചാനകളും പഞ്ചവാദ്യവുമായി ക്ഷേത്രത്തിലേക്ക്. ഇവിടെ ജാതിമതഭേദമെന്യേ തിങ്ങിനിറഞ്ഞ ദേശക്കാരാകെ അനുഗമിക്കുന്നു. ബുധനാഴ്ച രാവിലെ എട്ടരക്ക് പ്രൗഢിയോടെ ചാലക്കുടി കൂടപ്പുഴ കടവിലേക്ക് ആറാട്ടെഴുന്നള്ളിപ്പ്. മൂന്ന് ആനകള്‍ അമപടി സേവിക്കും. ആംഡ് പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. ആറാട്ടുകഴിഞ്ഞ് പാണ്ടികൊട്ടി തിരിച്ചെഴുന്നള്ളത്ത്. പള്ളിവേട്ട ആല്‍ത്തറയില്‍ വെച്ച് ആനകളുടെ എണ്ണം ഏഴാകും. ചെമ്പട കൊട്ടി പഞ്ചവാദ്യം തുടങ്ങും. കുട്ടംകുളം പരിസരത്തുവെച്ച് ചെമ്പട കൊട്ടിതീര്ത്ത് പാണ്ടിമേളം തുടങ്ങുകയായി. ക്ഷേത്രവാതില്‍ക്കല്‍ പാണ്ടിമേളം കഴിഞ്ഞ് ചെമ്പട കൊട്ടി അകത്തുകയറി പഞ്ചാരി തുടങ്ങും. 12 പ്രദക്ഷിണം പൂര്‍ത്തിയാക്കി അകത്തേക്കെഴുന്നള്ളിക്കുന്നതോടെ ഉത്സവത്തിന്റെ കൊടിയിറക്കമായി.
ഏഴ് ദിവസം, 13 കഥകള്‍, കഥകളി ഏറെ ശ്രദ്ധേയമായി. ശ്രീരാമപട്ടാഭിഷേകം കഥകളി ഇന്ന്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴു ദിവസങ്ങളിലായി അവതരിപ്പിക്കുന്ന കഥകളി ഏറെ ശ്രദ്ധേയമായി. ദിവസവും രാത്രി 12 മണി മുതല്‍ അരങ്ങേറുന്ന കഥകളി കാണാന്‍ ആസ്വാദകരുടെ തിരക്ക് പതിവായിട്ടുണ്ടായിരുന്നു. സംഗമേശ മാഹാത്മ്യം, കുചേലവൃത്തം, ദേവയാനി ചരിതം, അംബരീക്ഷ ചരിതം, കാലകേയ വധം, ബാലി വധം, പൂതനാമോക്ഷം, ദുര്യോധന വധം, മേളപ്പദം, നളചരിതം നാലാം ദിവസം, സന്താനഗോപാലം, കിരാതം, ശ്രീരാമ പട്ടാഭിഷേകം എന്നിങ്ങനെ 13 കഥകളാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ആദ്യത്തെആറദിവസം കഥ ഏതായാലും വലിയവിളക്കു ദിവസം ശ്രീരാമപട്ടാഭിഷേകം അവതരിപ്പിക്കുന്നത്
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ തികച്ചും സാധാരണമായ ഒരാട്ടക്കഥയാണ് ശ്രീരാമപട്ടാഭിഷേകം. സാഹിത്യഭംഗി കൊണ്ടും സംഗീത രസികത്വം കൊണ്ടും ആട്ടത്തിലെ ചിട്ടയിലുള്ള മികവുകൊണ്ടും മേന്മയുള്ള ധാരാളം ആട്ടക്കഥകള്‍ കോട്ടയം കഥകളെന്ന പേരിലും അല്ലാതെയും കഥകളി രംഗത്ത് അവതരിപ്പിച്ചുവരുന്നുണ്ട്. എന്നാല്‍ കോട്ടയം കഥകളുടെയോ കുചേലവൃത്തം, നളചരിതം മുതലായ സംഗീത ഭാവ രസികത്വം അധികമുള്ള മറ്റ് കഥകളുടെയോ മേന്മകള് ഒന്നും തന്നെ അവകാശപ്പെടാന്‍ കഴിയാത്ത കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ശ്രീരാമപട്ടാഭിഷേകം കഥകളി ലോകത്തിന് മാത്രമല്ല മറ്റ് ഇതര പൊതുജനസമ്മതിയുള്ള കലാരൂപങ്ങളുടെ അവതരണത്തിനും കൂടി അത്ഭുതജനകമായ പ്രേക്ഷക സദസും അവതരണാനുഭൂതികളുമാണ് ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം മുഖേന സംഭാവന ചെയ്യുന്നത്. കലാനിലയം സ്ഥാപിച്ചതുമുതല്‍ വര്‍ഷങ്ങളായി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കഥകളി കലാനിലയം തന്നെയാണ് ഏറ്റെടുത്ത് നടത്തിവരുന്നത്. ഉത്സവകാലത്ത് ദേവസ്വം ചെലവില്‍ ആറ് ദിവസത്തെയും തുടര്‍ന്ന് ഏഴാം ദിവസം ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം വക വഴിപാടായി ശ്രീരാമപട്ടാിഷേം എന്ന കണക്കിലാണ് കഥകളി നടത്തിവരാറുള്ളത്. ആറ് ദിവസക്കാലത്തെ കഥകളിയില്‍ നിന്നും വ്യത്യസ്തമായി വലിയവിളക്ക് ദിവസത്തെ ശ്രീരാമപട്ടാഭിഷേകം ശാസ്ത്രീയ അടിസ്ഥാനമുള്ള കലാസ്വാദകരുടെ കാര്യത്തില്‍ ഏതൊരു ലോക റെക്കോര്‍ഡിനെയും വെല്ലുവിളിക്കുന്നതാണ്. വിശാലമായ കൂടല്‍മാണിക്യം ക്ഷേത്രാങ്കണത്തില്‍ അതുണ്ടാക്കുന്ന ആസ്വാദക പ്രളയം മറക്കാനാവാത്ത അനുഭവമായി മാറാറുണ്ട്. അവസാന രംഗമാവുമ്പോഴേക്കും സീതാസമേതനായി ശ്രീരാമലക്ഷ്മണന്മാരെ ആനയിച്ചുകൊണ്ടുവരുന്ന രംഗം പലപ്പോഴും കഥകളി എന്ന നില വിട്ട് മതപരമായ ചടങ്ങായി മാറുകയാണ് ഇവിടെ. പതിനായിരകണക്കിനാളുകള്‍ ആര്‍പ്പുവിളിയും വായ്ക്കുരവയിട്ടും ശ്രീരാമചന്ദ്രനെ സ്വീകരിക്കുന്നതും പട്ടാഭിഷേകത്തിന്റെ പ്രസാദം വാങ്ങാന്‍ തള്ളിത്തിരക്കി സ്റ്റേജിലെത്തുന്നതും ഒരു അസാധാരണ കാഴ്ചയാണ്. പട്ടാഭിഷേകത്തിന്റെ ഇന്നത്തെ അവതരണ രീതിയും അരങ്ങൊരുക്കങ്ങളും ആദ്യത്തെ കലാനിലയം പ്രിന്‍സിപ്പലായിരുന്ന യശഃശരീരനായ പള്ളിപ്പുറം ഗോപാലന് നായരാശാന്റെയും ഒപ്പം സ്ഥാപക പ്രസിഡന്റായിരുന്ന ദിവംഗതനായ പുത്തൂര്‍ അച്യുതമേനോന്റെയും ഭാവനാവിലാസത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്നു. ശ്രീരാമ ഭക്തിയില്‍ കൂടല്‍മാണിക്യം ക്ഷേത്രാങ്കണം അയോ്യപുിയാക്കി മാറ്റുന്ന തരത്തിലാണ് കഥകളിയിലെ ഈ രംഗാവതരണം നടന്നത്. ക്ഷേത്രോത്സവത്തിലെ വലിയവിളക്ക് ദിവസമായ ഇന്നാണ് ക്ഷേത്രാങ്കണത്തില്‍ ശ്രീരാമപട്ടാഭിഷേകം കഥകളി അരങ്ങേറുന്നത്.
ഒഡീസി നൃത്തം ശ്രദ്ധേയമായി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് അവതരിപ്പിച്ച ഒഡീസി നൃത്തം ശ്രദ്ധേയമായി. ദക്ഷിണേന്ത്യയിലെ പ്രമുഖ ഒഡീസി പ്രയോക്താക്കളില്‍ ഒരാളായ മധുലിത മൊഹപത്രയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഒരു മണിക്കൂര്‍ നീണ്ടു നിന്ന നൃത്ത പരിപാടി സ്പെഷ്യല്‍ പന്തലില്‍ അവതരിപ്പിച്ചത്. ഉസ്ദാത് ബിസ്മില്ല ഖാന് യുവ പുരസ്കാര്‍ അടക്കമുള്ള ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള മധുലിത ഒട്ടേറെ ദേശീയ, അന്തര്‍ദേശീയവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ജയദേവകവിയുടെ ഗീതാഗോവിന്ദത്തിലെ അഷ്ടപദികളെയും പുരന്ദര്‍ദാസ് കൃതിയെയും ജഗന്നാഥ് സ്വാമിയെയും സ്തുതിച്ച് കൊണ്ടുള്ള ഗാനങ്ങള്‍ക്കാണ് മധുലിതയും സംഘത്തിലെ മറ്റ് നര്ത്തികളായ മിനി സോമ കുമാര്‍, ശ്രുതി രതീഷ്, ഡോ. അനുമ കുമര്‍, രജിത ശേഖര്‍ എന്നിവര്‍ ചുവടുകള്‍ വച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ബംഗളൂരില്‍ നൃത്താന്തര് എന്ന ഡാന്‍സ് സ്കൂള്‍ നടത്തി വരുന്ന മധുലിത മൊഹപത്ര കേരളത്തില്‍ സൂര്യ ഫെസ്റ്റിവലിലും പാലക്കാട് സ്വരയ ഫെസ്റ്റിവലിലും വടക്കുന്നാഥ ക്ഷേത്രത്തിലും സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഫെസ്റ്റിവലിലും ന്യത്തപരിപാടികള് അവതരിപ്പിച്ചിട്ടുണ്ട്.
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനും പോലീസിന്റെ അതിനിയന്ത്രണമെന്ന് പരാതി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിലും പോലീസ് അതിനിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി പരാതി. പകല്‍ കനത്ത ചൂടുള്ളതിനാല്‍ രാത്രിയിലാണ് ആളുകള്‍ കൂടുതലും കുടുംബത്തോടെ ക്ഷേത്രത്തിലെത്തുന്നത്. ഇതുമൂലം സംഗമപുരിയില്‍ വലിയതോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ഉത്സവ എക്സിബിഷന് സെന്ററില്‍ ആളുകള്‍ നിറഞ്ഞ സമയത്ത് പോലീസ് റൈഡുകള്‍ നിര്‍ത്തുകയും കടകളിലെ ലൈറ്റുകള്‍ അണപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിെത്തുട്ന്ന് കുട്ടികള്‍ അടക്കമുള്ളവര്‍ ഇരുട്ടില്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെനിന്ന് മടങ്ങിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ജോലികളുള്ളതിനാല്‍ വളരെ കുറവ് പോലീസാണ് ഉത്സവത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്നത്. അതേസമയം രാത്രി ഉത്സവത്തിന് വലിയ തോതില്‍ തിരക്ക് വര്‍ധിച്ചപ്പോള്‍ സംഘര്‍ഷ സാധ്യതകണ്ട് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് പോലീസ് വിശദീകരണം.
വലിയവിളക്ക് (ഏപ്രില്‍ 29)
കൂടല്‍മാണിക്യത്തില്‍ ഇന്ന്
രാവിലെ 8.30 മുതല്‍ ശീവേലി, രാത്രി 9.30 മുതല്‍ വിളക്ക്. പഞ്ചാരിമേളത്തിന് പെരുവനം കുട്ടന്മാരാര് പ്രമാണം വഹിക്കും.
(സ്പെഷല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 4.15 വരെ തിരുവാതിരക്കളി, 4.15 മുതല്‍ അഞ്ച് വരെ എറണാകുളം സുജിന ശ്രീധറിന്റെ ഭരതനാട്യം, അഞ്ച് മുതല്‍ 5.45 വരെ അപര്‍ണ പള്ളിപ്പാട്ടിന്റെ ഭരതനാട്യം, 5.45 മുതല്‍ 6.45 വരെ വലപ്പാട് സുധ സുന്ദറിന്റെ ഭരതനാട്യം, 6.45 മുതല്‍ രാത്രി എട്ട് വരെ പെരിങ്ങോട്ടുകര ഡോ. അര്‍ച്ചന രാജും സംഘവും അവതരിപ്പിക്കുന്ന ജ്ഞാനപ്പാന ആവിഷ്കാരം, രാത്രി എട്ട് മുതല്‍ ഒമ്പത് വരെ പെരിഞ്ഞനം സൗപര്‍ണിക ഡാന്‍സ് ആന്‍ഡ് മ്യൂസിക് അക്കാദമിയുടെ ശാസ്ത്രീയനൃത്തം, രാത്രി ഒമ്പത് മുതല്‍ 10 വരെ കലാമണ്ഡലം ഷീന സുനിലിന്റെ മോഹിനിയാട്ടം (പ്രയാണം), 10 മുതല്‍ 10.45 വരെ ഇരിങ്ങാലക്കുട ജാന്‍കി നാട്യകലാക്ഷേത്ര അനുപമ അജയ്മേനോനും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്തം
(സംഗമം വേദിയില്‍)
ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 3.30 വരെ തിരുവാതിരക്കളി, 3.30 മുതല്‍ 4.30 വരെ മുരിയാട് മുരളീധരന്റെ ഓട്ടന്തുള്ളല്, 4.30 മുതല്‍ 5.30 വരെ ഇരിങ്ങാലക്കുട ഭരത് വിദ്വത് മണ്ഡല് കല പരമേശ്വരന്റെ നൃത്തനൃത്യങ്ങള്‍, 5.30 മുതല്‍ 6.30 വരെ ചെന്നൈ എല്‍. ശ്വേതയുടെ ഭരതനാട്യം, 6.30 മുതല്‍ രാത്രി 8.30 വരെ ചെന്നൈ ഡോ.ജി. ബേബി ശ്രീറാമിന്റെ സംഗീതക്കച്ചേരി, 8.30 മുതല്‍ 10 വരെ പ്രശസ്ത സംഗീത സംവിധായകന് വിദ്യാധരന്‍മാസ്റ്ററും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതം, രാത്രി 12 ന് കഥകളി-ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റെ ശ്രീരാമപട്ടാഭിഷേകം