കനത്ത മഴ; വാതില്‍മാടം കോളനിയില്‍ മണ്ണിടഞ്ഞു, കോളനിവാസികള്‍ ആശങ്കയില്‍
കാറളം കോഴിക്കുന്നിലും മണ്ണിടിഞ്ഞു, ഒന്‍പത് വീട്ടുകാര്‍ താമസം മാറി.
ഇരിങ്ങാലക്കുട: കനത്ത മഴയില്‍ മാപ്രാണം വാതില്‍മാടം കോളനിയിലും കാറളം കോഴിക്കുന്നിലും മണ്ണിടിഞ്ഞു. നഗരസഭ വാര്‍ഡ് 38 ല്‍ മാപ്രാണം വാതില്‍മാടം കോളനിയില്‍ മണ്ണിടഞ്ഞതോടെ കോളനിവാസികള്‍ ആശങ്കയിലായി. 2013 മുതലുള്ള വിഷയമാണെങ്കിലും കോളനിവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. എഴ് കുടുംബങ്ങളിലായി 20 ഓളം പേരാണ് ഇവിടെ ഉള്ളത്. അപകട ഭീഷണി ഉള്ള സാഹചര്യത്തില്‍ മാറി താമസിക്കണമെന്ന് ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവര്‍ വഴങ്ങിയിട്ടില്ല. അപകട ഭീഷണിയായി നില്ക്കുന്ന മണ്ണ് നീക്കം ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷവും വാതില്‍മാടം കോളനിയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മണ്ണ് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജിയോളജി വകുപ്പിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും നടപ്പിലായിട്ടില്ല. കാറളം പഞ്ചായത്തില്‍ കോഴിക്കുന്നില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഒന്‍പത് വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്.