ഐതീഹ്യങ്ങള്‍ പുനര്‍ജനിച്ചു, വിശ്വാസ തീക്ഷ്ണതയാല്‍ പിണ്ടിപെരുന്നാള് പ്രദക്ഷിണം മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശമായി മാറി
ഇരിങ്ങാലക്കുട: വിശ്വാസ സഹസ്രങ്ങള്‍ സാക്ഷിയായി ഐതീഹ്യങ്ങള്‍ പുനര്‍ജനിച്ചു, പിണ്ടിപെരുന്നാള് പ്രദക്ഷിണം ആല്ത്തറക്കലെത്തി മടങ്ങിയതോടെ തിരുന്നാള്‍ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശമായി മാറി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടിപെരുന്നാളിന്റെ ഐതിഹ്യങ്ങള്‍ പുനര്ജനിച്ചുകൊണ്ടാണ് തിരുന്നാള്‍ പ്രദക്ഷിണം ആല്‍ത്തറക്കു സമീപമെത്തി മടങ്ങിയത്. ഇതോടെ ഇന്നലെ നടന്ന തിരുനാള്‍ പ്രദക്ഷിണം ഒരിക്കല്‍ കൂടി മതസൗഹാര്‍ദത്തിന്റെ സന്ദേശത്തിന് മകുടോദാഹരണമായി മാറി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ആല്ത്തറക്കല് എത്തിയപ്പോഴാണ് ഐതിഹ്യങ്ങള്‍ പുനര്‍ജനിച്ചത്. ഇരിങ്ങാലക്കുട കത്തീഡ്രലിലെ വിശുദ്ധ ഗീവര്ഗീസും കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഭരതനും സംഗമിക്കുന്ന വേദിയാണ് ആല്‍ത്തറ എന്നാണ് പഴമക്കാരുടെ വിശ്വാസം. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ പള്ളിവേട്ടക്ക് ഭരതഭഗവാന് ക്ഷേത്രത്തില്‍ നിന്നും ആല്ത്തറക്കലേക്ക് എഴുന്നള്ളുന്നതും അവിടെവെച്ചാണ് പന്നിയെ അമ്പെയ്ത് കൊല്ലുന്നതും.
അധര്‍മത്തെയും ദുഷ്ടമൂര്ത്തിയെയും നിഗ്രഹിച്ച് ധര്‍മപ്രകാശം വിതറുക എന്നുള്ളതാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. ഇതുപോലെയാണ് കത്തീഡ്രല്‍ ദേവാലയത്തിലെ പ്രസിദ്ധമായ പിണ്ടിപെരുന്നാളും. പ്രദക്ഷിണം ആല്ത്തറക്കല് എത്തുന്നതും അധാര്‍മികതയുടെ അന്ധകാരം നീക്കി പ്രത്യാശയുടെ പൊന്‍വെളിച്ചം വീശുവാനും വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിക്കാനും നഗരവാസികളോട് ആഹ്വാനം ചെയ്യുകയുമാണ് ഈ പ്രതീകാത്മക ആവിഷ്കാരങ്ങളുടെ അന്തസത്ത. പ്രദക്ഷിണത്തിനു മുന്നില്‍ രണ്ടു കാളവണ്ടികളിലായി നകാരങ്ങളുടെ വരവും രൂപക്കൂടിനു മുന്നില്‍ തൂക്കുവിളക്കേന്തി രണ്ടുപേര്‍ നടന്നുനീങ്ങുന്നതും ചരിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്.
നകാരമേളത്തിനു തൊട്ടുപുറകിലായി 70 കുടുംബസമ്മേളനങ്ങളില്‍ നിന്നായി 101 പൊന്‍ കുരിശുകളും പേപ്പല്‍ പതാകകളും ആയിരതിലധികം മുത്തുകുടകളുമായി വിശ്വാസി സമൂഹം പ്രദക്ഷിണത്തില്‍ അണിനിരന്നു. ഇതിനിടയില്‍ ചെണ്ടമേളങ്ങളും ബാന്‍ഡ് മേളങ്ങളും. ഇതിനു പുറകിലായിരുന്നു വിശുദ്ധ ഗീവര്‍ഗീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സെന്റ് തോമസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂങ്ങള് വഹിച്ചുകൊണ്ടുള്ള അലങ്കരിച്ച തേര്. പ്രദക്ഷിണം കടന്നുപോകുന്ന വീഥികള്‍ക്കിരുവശവും വര്‍ണവിളക്കുകള്‍ പ്രഭ വിതറി. ഇന്നലെ രാവിലെ നടന്ന തിരുനാള്‍ ദിവ്യബലിക്ക് രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ പള്ളിയുടെ മാതൃകയില്‍ രൂപകല്പന ചെയ്ത തേരിലാണ് ഇത്തവണ വിശുദ്ധരെ എഴുന്നള്ളിച്ചത്.
ഇത് സ്നേഹ സാഹോദര്യത്തിന്റെ മാതൃക, പ്രദക്ഷിണത്തിന് കൂടല്‍മാണിക്യം ദേവസ്വം സ്വീകരണം നല്കി
കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം ആല്ത്തറക്കല് എത്തിചേര്‍ന്നപ്പോള്‍ കൂടല്‍മാണിക്യം ദേവസ്വം സ്വീകരണം നല്കി. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ ഗോപി കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടനെ പൊന്നാടയണിയിച്ചു സ്വീകരിച്ചു. ഭരണ സമിതി അംഗങ്ങളായ അഡ്വ. കെ.ജി അജയകുമാര്‍, രാഘവന് മുളങ്ങാടന്‍, വി.സി പ്രഭാകരന്, കെ.എം ബിന്ദു എന്നിവരും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു. പ്രദക്ഷിണത്തില്‍ പങ്കെടുത്തവര്‍ക്ക് ദേവസ്വം ജീവനക്കാര്‍ നാരങ്ങാവെള്ളം നല്കി.
കത്തീഡ്രലില്‍ ഇന്ന്
ഇന്ന് രാവിലെ എട്ട് മുതല്‍ വിവിധ അങ്ങാടികളില്‍ നിന്നുള്ള അമ്പ് എഴു്നള്ളിപ്പുകള് പള്ളിയില്‍ എത്തിച്ചേരും. ഇന്ന് രാവിലെ ആറിനും 6.30 നും 7.15 നും എട്ടിനും വൈകീട്ട് അഞ്ചിനും ദിവ്യബലി ഉണ്ടായിരിക്കും. രാത്രി ഒമ്പതിന് ഡിജിറ്റല്‍ ഇലക്ട്രിക് ഫയര്‍വര്‍ക്സ്. 9.30 ന് മെഗാ ബാന്റ് വാദ്യ മല്‍സരം എന്നിവ ഉണ്ടായിരിക്കും.