ഇരിങ്ങാലക്കുട രൂപത ദിനം കാലത്തിന്റെ അടയാളങ്ങള്‍ ക്രൈസ്തവ സമൂഹം തിരിച്ചറിയണം: ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍

ഇരിങ്ങാലക്കുട രൂപതാദിനാഘോഷം കോട്ടപ്പുറം ബിഷപ് മാര്‍ അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്സന് ഈരത്തറ, മോണ്‍. ജോളി വടക്കന്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, സനീഷ്കുമാര് ജോസഫ് എംഎല്‍എ, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് തുടങ്ങിയവര്‍ സമീപം.
ഇരിങ്ങാലക്കുട: കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയണമെന്നും അതിനനുസരിച്ചു മാറ്റങ്ങള്‍ വരുത്താന്‍ ക്രൈസ്തവരായ നാം പഠിക്കണമെന്നും കോട്ടപ്പുറം ബിഷപ് മാര്‍ അംബ്രോസ് പുത്തന്‍വീട്ടില്‍. ഇരിങ്ങാലക്കുട രൂപത 48-ാം രൂപതാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കത്തോലിക്കാ സഭയെ തകര്‍ക്കാനും തളര്‍ത്താനും പലകാലത്തും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നുമുണ്ട്. ഇവയെല്ലാം സാത്താന്റെ തന്ത്രങ്ങളാണെന്ന് വിശ്വാസി സമൂഹം തിരിച്ചറിയണം.

സഭയില്‍ വിവിധ തലങ്ങളില്‍ അവിശ്വാസവും അന്തഃഛിദ്രവും വളര്‍ത്താന്‍ അന്ധകാരശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ വിശ്വാസികളും വൈദികരും സഭാപിതാക്കന്മാരും ജാഗ്രത പാലിക്കണം. പ്രാര്‍ഥനയും ഉപവാസവും വിശുദ്ധഗ്രന്ഥത്തോടും പാരമ്പര്യത്തോടുമുള്ള പ്രതിബദ്ധതയും ശക്തിപ്പെടുത്തിയാല്‍ സഭ നേരിടുന്ന ഇത്തരം വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയും. രൂപതാദിനം ആഘോഷിക്കുന്ന ഇരിങ്ങാലക്കുട രൂപതയ്ക്ക് മാര്‍ അംബ്രോസ് പുത്തന്‍വീട്ടില്‍ കോട്ടപ്പുറം രൂപതയുടെയും മറ്റു രൂപതകളുടെയും ആശംസകള്‍ അറിയിച്ചു.
അഞ്ചു പതിറ്റാണ്ടുകാലം ഇരിങ്ങാലക്കുട രൂപത ആത്മീയ, സാമൂഹിക, ആതുരശുശ്രൂഷ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ വിശ്വസ്തതയോടെ സുവിശേഷ മൂല്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്നും ആ വിശ്വസ്തതയുടെ കഥയാണ് ഇന്നലെകളിലെ രൂപതയുടെ ചരിത്രമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ചൂണ്ടിക്കാട്ടി. ഈ യത്നത്തില്‍ രൂപതയുടെ ശില്‍പ്പിയും പ്രഥമ ബിഷപ്പുമായ മാര്‍ ജെയിംസ് പഴയാറ്റിലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായി വിവിധ കാലങ്ങളില്‍ പ്രവര്‍ത്തിച്ച വൈദികരും സന്യസ്തരും അല്മായ സഹോദരങ്ങളും ത്യാഗനിര്‍ഭരമായ സേവനമാണ് കാഴ്ചവച്ചത്.
അവരെ ഓര്‍ക്കാനും ഭാവി കര്‍മപദ്ധതികള്‍ ആവിഷ്കരിക്കാനും രൂപതാദിനാഘോഷം അവസരമൊരുക്കുന്നു. 1978 ല്‍ സ്ഥാപിതമായ ഇരിങ്ങാലക്കുട രൂപത, വൈദികരുടെയും സന്യസ്തരുടെയും വിശ്വാസി സമൂഹത്തിന്റെയും കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും ഫലമായി സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങള്‍ക്കും വേണ്ടി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ ഇരിങ്ങാലക്കുട രൂപത ഒരുങ്ങുന്ന വേളയില്‍ കൂട്ടായ്മയുടെ ചൈതന്യത്തില്‍ ഇനിയും നമുക്ക് മുന്നേറാനുണ്ടെന്ന്മാര് പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

രൂപതയുടെ സുവര്‍ണ ജൂബിലിക്ക് മുന്നോടിയായി 2025 സെപ്റ്റംബര്‍ 10 മുതല്‍ 2026 സെപ്റ്റംബര്‍ 10 വരെ ഇരിങ്ങാലക്കുട രൂപതയില്‍ ക്രിസ്തീയ കുടുംബവര്‍ഷാചരണം നടത്തുമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു. സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലി മധ്യേ കുടുംബ വര്‍ഷാചരണത്തിന്റെ ലോഗോ പ്രകാശനം, കോട്ടപ്പുറം ബിഷപ് മാര്‍ അംബ്രോസ് പുത്തന്‍വീട്ടിലിനൊപ്പം നിര്‍വഹിച്ചു.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിനു സമീപമുള്ള സ്പിരിച്വാലിറ്റി സെന്ററില്‍ രൂപതയുടെ പൈതൃക മ്യൂസിയവും ആളൂര്‍ ബിഎല്‍എമ്മിനോടു ചേര്‍ന്നുള്ള രൂപത ലഹരി വിമുക്തകേന്ദ്രമായ നവചൈതന്യയുടെ നവീകരിച്ച കെട്ടിടവും മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.
ആഘോഷ പരിപാടികളില്‍ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്സന് ഈരത്തറ, മോണ്‍. ജോളി വടക്കന്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, കുടുംബ വര്‍ഷാചരണ കണ്‍വീനര്‍ റവ.ഡോ. ഫ്രീജോ പാറയ്ക്കല്‍, സനീഷ്കുമാര് ജോസഫ് എംഎല്‍എ, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് തുടങ്ങിയരും മറ്റു ജനപ്രതിനിധികളും പ്രസംഗിച്ചു.
