നിയമപ്പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ ചേര്‍ത്തല സ്വദേശി അനുരാഗ് പ്രവേശിച്ചു

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ ചേര്‍ത്തല സ്വദേശി കെ.എസ്. അനുരാഗ് പ്രവേശിക്കുന്നതിന്റെ രേഖ അഡ്മിനിസ്ട്രേറ്റര്‍ ജി.എസ്. രാധേഷിന് നല്കുന്നു.
ഇരിങ്ങാലക്കുട: നിയമപ്പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ ചേര്‍ത്തല സ്വദേശി കെ.എസ്. അനുരാഗ് പ്രവേശിച്ചു. ചേര്‍ത്തല ഉത്രാടം കളവങ്കോടം വീട്ടില്‍ അനുരാഗ് (23), പിതാവ് സുനീഷ് , മാതാവ് ഷീബ, സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അമല്‍ സി. രാജന് എന്നിവരോടൊപ്പം ദേവസ്വം ഓഫീസില്‍ അഡ്മിനിസ്ട്രേറ്റര്‍ ജി.എസ്. രാധേഷിന് മുമ്പാകെ നിയമന ഉത്തരവും അനുബന്ധരേഖകളുമായി എത്തിയത്. കഴകം തസ്തികയിലേക്ക് റാങ്ക് ലിസ്റ്റിലെ ഒന്നാം പേരുകാരനായ തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ബാലുവിനെയാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ആദ്യം നിയമിച്ചതെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ബാലു ജോലി രാജിവച്ച് ഒഴിയുകയായിരുന്നു.
ക്ഷേത്രം തന്ത്രിമാരുടെ നിസഹകരണവും ജാതി വിവേചനവുമാണ് രാജിക്ക് കാരണമായതെന്ന് ആരോപണങ്ങളും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് റാങ്ക് ലിസ്റ്റില്‍ നിന്നും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഈഴവ സമുദായംഗമായ അനുരാഗിനെ നിയമിച്ചുകൊണ്ട് റിക്രൂട്ട്മെന്റ് ബോര്‍ഡ് അഡൈ്വസ് മെമ്മോ നല്‍കിയത്. ഇതിനിടയില്‍ കഴകം നിയമനം പാരമ്പര്യാവകാശമാണെന്ന് പറഞ്ഞുകൊണ്ട് തെക്കേ വാരിയത്ത് ഹരി അടക്കമുള്ളവര്‍ കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയിരുന്നു. സെപ്റ്റംബര്‍ 12ന് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയതോടെയാണ് അനുരാഗിന്റെ നിയമനത്തിനുള്ള വഴി തെളിഞ്ഞത്.
അടുത്ത ദിവസം തന്നെ നിയമന ഉത്തരവ് കൂടല്‍മാണിക്യം ദേവസ്വം അധികൃതര്‍ അയച്ച് നല്‍കുകയും ചെയ്തു. ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തനിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വ. രഞ്ജിത്ത് തമ്പാന്, മുന്‍കൈ എടുത്ത അമല്‍ സി. രാജന് അടക്കമുള്ള മുഴുവന്‍ പേര്‍ക്കും നന്ദിയുണ്ടെന്നും എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അനുരാഗും എതിര്‍പ്പുകള്‍ ഉയര്‍ന്നാല്‍ എല്ലാവരുമായി ആലോചിച്ച് മാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്നും പിതാവ് സുനീഷും പറഞ്ഞു.
നിയമനം സംബന്ധിച്ച വിജ്ഞാപനവും റാങ്ക് ലിസ്റ്റും അഡൈ്വസ് മെമ്മോയും റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചില്ലെന്നും അമല്‍ സി. രാജനും പറഞ്ഞു. അനുരാഗിനും കുടുംബത്തിനും പിന്തുണയുമായി സിപിഐ, ദ്രാവിഡ വിചാരകേന്ദ്രം, കെപിഎംഎസ്, പികെഎസ്, ഇരിങ്ങാലക്കുട കൂട്ടായ്മ, എസ്എന്‍ഡിപി, ബിഡിജെഎസ് നേതാക്ളും പ്രവര്‍ത്തകരും ദേവസ്വം ഓഫീസില്‍ എത്തിയിരുന്നു. അതേ സമയം വിഷയത്തില്‍ സിവില്‍ കോടതിയില്‍ തീരുമാനമാകുന്നത് വരെ തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കുടുംബാംഗങ്ങള്‍ ദേവസ്വം അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതായി സൂചനയുണ്ട്.