രൂപതയുടെ പ്രഥമ മെത്രാസന മന്ദിരവും വൈദിക സെമിനാരിയും ഇനി പൈതൃക മന്ദിരം

പൈതൃക മന്ദിരമായി ഉയര്‍ത്തി ആശീര്‍വദിക്കുന്ന ഇരിങ്ങാലക്കുട രൂപതയുടെ ആദ്യകാല മെത്രാസന മന്ദിരം പുനര്‍നിര്‍മിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യങ്ങളുമായി പൈതൃക മന്ദിരം ഇന്നു വെഞ്ചരിക്കും. ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാസന മന്ദിരമാണ് പൈതൃക മന്ദിരം ഒരുക്കിയിരിക്കുന്നത്. രൂപത പിന്നിട്ട കാലങ്ങളെ കുറിച്ച് ഒരു സമഗ്രമായ ചരിത്രം ഇവിടെ ഒരുക്കുന്നുണ്ട്. 1880 ല്‍ സ്ഥാപിതമായ സെന്റ് മേരീസ് പള്ളി (കിഴക്കേ പള്ളി) യുടെ വൈദിക മന്ദിരമാണ് രൂപത സ്ഥാപിതമായപ്പോള്‍ മെത്രാസന മന്ദിരമായി മാറിയത്. 1978 സെപ്റ്റംബര്‍ 10 നായിരുന്നു പ്രഥമ മെത്രാന് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ അഭിഷേകവും പുതിയ രൂപതയുടെ ഔപചാരിക ഉദ്ഘാടനവും നടന്നത്.
ഇരിങ്ങാലക്കുട നഗരസഭ മൈതാനത്തു നിറഞ്ഞ സദസില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആയിരുന്നു ചടങ്ങ്. 1978 ല്‍ രൂപത നിലവില്‍ വന്നതോടെ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളി (പടിഞ്ഞാറേ പള്ളി) സെന്റ് തോമസ് കത്തീഡ്രലായും രൂപതയുടെ ആസ്ഥാന ദേവാലയമായും ഉയര്‍ത്തപ്പെട്ടു. സെന്റ് മേരീസ് പള്ളി തിരുഹൃദയ ആധ്യാമിക കേന്ദ്രമായും മെത്രാസന മന്ദിരവുമായും മാറ്റപ്പെട്ടു. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ഈ പള്ളിമേട ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ തന്റെ ഭരണനിര്‍വഹണ കാര്യാലയമായും മൈനര്‍ സെമിനാരിയായും മാറ്റി.
ആദ്യത്തെ അഞ്ചു വര്‍ഷക്കാലം രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ പള്ളിയോട് ചേര്‍ന്നുള്ള ഈ കാര്യാലയത്തിലാണ് നടന്നുപോന്നിരുന്നത്. രൂപതയുടെ പ്രഥമ വികാരി ജനറാള്‍ മോണ്‍. സക്കറിയാസ് പുതുശേരിയും പ്രോ ചാന്‍സലര്‍ മോണ്‍. ജോസഫ് കവലക്കാട്ടും പ്രഥമ വൈസ് ചാന്‍സലര്‍ ഫാ. ജോര്‍ജ് കാളനുമായിരുന്നു. 1979 ജനുവരി ഒന്നിനാണ് ആദ്യത്തെ ആലോചനാസംഘം നിലവില്‍ വന്നത്. 1979 ജൂണ്‍ ഒമ്പതിനാണ് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ പ്രഥമ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം നടന്നത്. ഈ യോഗത്തില്‍ വച്ചാണ് സെക്രട്ടറിയായി ഫാ. ജോസഫ് കവലക്കാട്ടിനെയും ജോയിന്റ് സെക്രട്ടറിയായി അഡ്വ. ജോസ് പി. ജോര്‍ജ് പെരേപ്പാടനേയും തെരഞ്ഞെടുത്തത്.
1981 ജനുവരി അഞ്ചിന് എകെപി ജംഗ്ഷനു സമീപം പുതിയ മൈനര്‍ സെമിനാരിയുടെ ശിലാസ്ഥാപനം പൗരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലദ്ധിസ്ലാവ് റൂബിന് നിര്‍വഹിച്ചു. 1982 ജനുവരി ഒന്നിന് ഠാണാ ജംഗ്ഷനു സമീപം നിര്‍മിച്ച പുതിയ രൂപത മന്ദിരത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും തൃശൂര്‍ രൂപത ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളം നിര്‍വഹിച്ചു.
1983 ജൂണ്‍ 2 ന് സെന്റ് പോള്‍സ് മൈനര്‍ സെമിനാരി ആരംഭിച്ചുവെങ്കിലും 1985 സെപ്റ്റംബര്‍ 10ന് രൂപതാദിനത്തില്‍ സെമിനാരിയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാകുളം അതിരൂപത ബിഷപ് മാര്‍ ആന്റണി പടിയറ നിര്‍വഹിച്ചു. ഇരിങ്ങാലക്കുടയിലെ കൈസ്തവരുടെ ചരിത്രവും സംസ്കാരവും അനാവരണം ചെയ്യുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ തിരുശേഷിപ്പായുള്ള ഈ പൈതൃക മന്ദിരം അതിന്റെ തനിമ നിലനിറുത്തിയാണ് പുനരുദ്ധരിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന രൂപതാദിന ചടങ്ങുകള്‍ക്കു ശേഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആശീര്‍വാദം നിര്‍വഹിക്കും.
