ഇരിങ്ങാലക്കുടയില്‍ സ്ത്രീകള്‍ക്കായി നഗരസഭ നിര്‍മ്മിച്ച ഷീ ലോഡ്ജ് തുറന്നു നല്കി

സ്ത്രീകള്‍ക്കായി ഇരിങ്ങാലക്കുട നഗരസഭ നിര്‍മ്മിച്ച ഷീ ലോഡ്ജ് കൊളബോ ഹോട്ടല്‍ ഉടമ സി.എല്‍. ജോര്‍ജ്ജ് തുറന്നു നല്കി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സ്ത്രീകള്‍ക്കായി ഇരിങ്ങാലക്കുട നഗരസഭ നിര്‍മ്മിച്ച ഷീ ലോഡ്ജ് തുറന്നു നല്കി. കൊളബോ ഹോട്ടല്‍ ഉടമ സി.എല്‍. ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, നടത്തിപ്പ് കരാര്‍ എറ്റെടുത്തിട്ടുള്ള ഡെസിന് ഷണ്ണി ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ട് കോടി എണ്‍പത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി അവര്‍ക്കുള്ള താമസസൗകര്യം ഒരുക്കുകയായിരുന്നു.
ഷീ ലോഡ്ജ് കെട്ടിടത്തില്‍ രണ്ട് നിലകളിലായി അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യമുള്ള 20 മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ മൂന്ന് കിടക്കകളുള്ള രണ്ട് റൂമുകളും, രണ്ട് കിടക്കകളുള്ള 18 റൂമുകളുമാണ് ഉള്ളത്. 1034 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 320 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള നാല് കടമുറികള്‍ ഒരുക്കിയിട്ടുണ്ട്. അടുക്കള, ഡൈനിംഗ് ഹാള്‍, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാര്‍ക്കിംഗ് എന്നി സൗകര്യങ്ങളും ഷീ ലോഡ്ജിന്റെ സവിശേഷതകളാണ്.