വല്ലച്ചിറ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ മോഷണം; മുന്‍ പൂജാരിയെ അറസ്റ്റ് ചെയ്തു

ബിപിന്‍.
ഇരിങ്ങാലക്കുട: വല്ലച്ചിറ ക്ഷേത്രത്തില്‍ നിന്ന് 20ഗ്രാം തൂക്കം വരുന്ന സ്വര്‍ണ തിരുവാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ക്ഷേത്രത്തിലെ മുന്‍ പൂജാരിയെ വയനാട് നിന്നും അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വല്ലച്ചിറയിലുള്ള തൊട്ടിപറമ്പില്‍ ഭഗവതി കുടുംബ ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രതിഷ്ഠയില്‍ ധരിപ്പിച്ചിരുന്ന 20 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ തിരുവാഭരണങ്ങള്‍ കഴിഞ്ഞമാസം നാലിന് വൈകുന്നേരം ഏഴിനും അഞ്ചിന് പുലര്‍ച്ചെ 6.15 നും ഇടയിലുള്ള സമയത്താണ് മോഷണം പോയത്.
ഈ സംഭവത്തിന് ക്ഷേത്രം ട്രഷറര്‍ വല്ലച്ചിറ സ്വദേശി തൊട്ടിപ്പറമ്പില്‍ വീട്ടില്‍ ഷനില്‍ (51) എന്നയാളുടെ പരാതിയില്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ കേസെടുത്തിരുന്നു. ഈ കേസിലെ പ്രതിയെ പിടികൂടുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. മോഷണ ശേഷം ശ്രീകോവിലിന്റെ വാതിലുകളിലും പടികളിലും പരിസരങ്ങളിലും മഞ്ഞള്‍ പൊടി വിതറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ ഇപ്പോഴത്തെ പൂജാരി ക്ഷേത്രം തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീകോവിലിന്റെ പൂട്ടു പൊളിക്കാതെ താക്കോല്‍ ഉപയോഗിച്ചു തുറന്നാണ് മോഷണം നടത്തിയിരിക്കുന്നതെന്നും ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നും മനസിലാക്കുകയായിരുന്നു.
തുടര്‍ന്ന് ക്ഷേത്രം ജീവനക്കാരെയും പരിസരവാസികളെയും കണ്ട് ചോദിച്ചും മറ്റും അന്വേഷണം നടത്തുകയും ക്ഷേത്രവുമായി ബന്ധപ്പെട്ടവരെല്ലാം പോലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. നിരീക്ഷണത്തിലാക്കിയവരില്‍ മുന്‍ പൂജാരിയായ വയനാട് കൃഷ്ണഗിരി സ്വദേശി പട്ടാശ്ശേരി വീട്ടില്‍ ബിപിന്‍ (35) എന്നയാളും ഉള്‍പ്പെട്ടിരുന്നു. ഇയാളെ രഹസ്യമായി നിരീക്ഷിച്ചും മറ്റും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ബിപിന്‍ തന്നെയാണ് മോഷ്ടാവ് എന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ വയനാട്ടിലേക്ക് അയക്കുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം ബിപിനെ വയനാട് മീനങ്ങാടിയില്‍ നിന്ന് മീനങ്ങാടി പോലീസിന്റെ കൂടി സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എല്‍. ഷാജി, മുന്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ചേര്‍പ്പ് എസ്എച്ച്ഒ എം.എസ്. ഷാജന്, എസ്ഐ മാരായ കെ.എസ്. സുബിന്ത്, സജിപാല്‍, എഎസ്ഐ ജോയ് തോമസ്, സീനിയര്‍ സിപിഒ മാരായ ഇ.എസ്. ജീവന്, സിന്റി, ജിയോ, ഇ.എച്ച്. ആരിഫ്, ടി.ബി. അനീഷ്, സിപിഒ കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.