ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ മറവില്‍ തട്ടിപ്പ്: പ്രതിയെ കോയമ്പത്തൂരില്‍ നിന്നും പിടികൂടി

എസ്. സഞ്ജയ്.
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ മറവില്‍ ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയെ കോയമ്പത്തൂരില്‍ നിന്നും പിടികൂടി. തമിഴ്നാട് കോയമ്പത്തൂര്‍, മരുതം നഗര്‍ സ്വദേശി എസ്. സഞ്ജയ് (26) നെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സംഘം കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.
കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരന് ട്രേഡിംഗിനെ സംബന്ധിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത സമയം ഉയര്‍ന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യവും ആയതിന്റെ ലിങ്കും കണ്ട് പരാതിക്കാരന് ലിങ്ക് ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ ചേരുകയും ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈല്‍ നമ്പറുകളിലൂടെയും വിളിച്ചുപറഞ്ഞും ഐപിഒ സ്റ്റോക്ക് ട്രേഡിംഗില്‍ വന്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ട്രേഡിംഗ് നടത്തുന്നതിന് വേണ്ടിയുള്ള ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ട്രേഡിംഗ് നടത്തിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി എട്ട് മുതല്‍ ഫെബ്രുവരി 14 വരെയുള്ള കാലയളവില്‍ കല്ലേറ്റുംകര സ്വദേശിയുടെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും നിന്നും പല തവണകളായി 1,06,75,000 (ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം) രൂപ ഇന്‍വെസ്റ്റ്മെന്റ് ചെയ്യിപ്പിക്കുകയും ഇന്‍വെസ്റ്റ് ചെയ്ത പണത്തിന്റെ ലാഭവിഹിതം പിന്‍വലിക്കാനായി ശ്രമിച്ചപ്പോള്‍ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാക്കിയത്.
പരാതിക്കാരനില്‍ നിന്നും തട്ടിയെടുത്ത പണത്തില്‍ നിന്നും 21,52,000 രൂപ (21 ലക്ഷത്തി 52,000/രൂപ) സ്വന്തം അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി പ്രതികള്‍ക്ക് എടുത്തുനല്‍കി കമ്മീഷന് കൈപറ്റിയതിനാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.എസ്. സുജിത്ത്, സബ്ബ് ഇന്‍സ്പെക്ടര്‍ ജെസ്റ്റിന് വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ സി.എസ്. ശ്രീയേഷ്, ടെലി കമ്യൂണിക്കേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.പി. ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.