സമൂഹത്തിന് മാതൃകയായി ഇരിങ്ങാലക്കുടയിലെ കുടുംബശ്രീ; ലാഭവിഹിതം ചെലവഴിച്ചത് സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക്

പൊറത്തിശേരി വാര്‍ഡ് 34 ലെ ഭദ്രദീപം കുടുംബശ്രീ അതിരപ്പിള്ളി വനമേഖലയിലെ ഉന്നതി ട്രൈബല്‍ സെറ്റില്‍മെന്റിലെ കുടുംബങ്ങള്‍ക്ക് സഹായം കൈമാറുന്നു.
ഇരിങ്ങാലക്കുട: കഴിഞ്ഞ പത്തുവര്‍ഷത്തെ ലാഭവിഹിതം ഉപയോഗിച്ച്, നടത്താനിരുന്ന വാര്‍ഷികാഘോഷങ്ങള്‍ ഒഴിവാക്കി ആ വിഹിതം സമൂഹനന്മയ്ക്കായി ചെലവഴിച്ച് ഇരിങ്ങാലക്കുടയിലെ കുടുംബശ്രീ. സിഡിഎസ് രണ്ടിന്റെ കീഴിലുള്ള പൊറത്തിശേരി വാര്‍ഡ് 34ലെ പ്രവര്‍ത്തനമാരംഭിച്ച ഭദ്രദീപം കുടുംബശ്രീ യൂണിറ്റാണ് പത്താംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായത്.
62,191 രൂപയാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ഇരിങ്ങാലക്കുടയിലെ പ്രതീക്ഷാഭവന്‍ സ്പെഷല്‍ സ്കൂളില്‍ ഭക്ഷ്യക്കിറ്റ് വിതരണവും മുളങ്കുന്നത്തുകാവിനുസമീപം മുണ്ടത്തിക്കോട് താമസിക്കുന്ന, കാന്‍സര്‍ രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്ന മാതാപിതാക്കളുടെ വിദ്യാര്‍ഥികളായ രണ്ടുമക്കള്‍ക്ക് വിദ്യാഭ്യാസസഹായവും നല്കി. കൂടാതെ അതിരപ്പിള്ളി വനമേഖലയിലെ ഉന്നതി ട്രൈബല്‍ സെറ്റില്‍മെന്റിലെ 40ൽ അധികം കുടുംബങ്ങള്‍ക്ക് ഭക്ഷ്യസാധന കിറ്റും ഓണക്കോടി കിറ്റും കൈമാറി.