മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍പ്പെടുത്തി ഭവനരഹിതര്‍ക്കു നല്കിയ വീടുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവകാശവാദം ഉന്നയിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ബിജെപി നഗരസഭ കൗണ്‍സിലര്‍മാര്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു. നഗരസഭയില്‍ ലൈഫ് വഴി ഒരു വീട് പോലും നിര്‍മിച്ച് നല്‍കിയിട്ടില്ലെന്നും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമാണു വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇരിങ്ങാലക്കുട നഗരസഭ ഭവനരഹിതര്‍ക്കു നല്കിയ 662 വീടുകളും കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അനുസരിച്ചാണ്. ഓരോ വീടിനും നല്കുന്ന നാലു ലക്ഷം രൂപയില്‍ 50,000 രൂപ മാത്രമാണു സംസ്ഥാന വിഹിതം. സമരം ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയ്തു. പാര്ളിമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് അധ്യക്ഷത വഹിച്ചു. ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്, കൗണ്‍സിലര്‍മാരായ ഷാജുട്ടന്‍, അമ്പിളി ജയന് എന്നിവര്‍ പ്രസംഗിച്ചു.