ഠാണാ-ചന്തക്കുന്ന് റോഡ് വികസനത്തിന്റെ നിർമാണോദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് റോഡ് വികസനത്തിന്റെ നിർമാണോദ്ഘാടനം പ്രഫ. കെ.യു അരുണൻ എംഎൽഎ നിർവഹിച്ചു. റോഡ് വികസനത്തിനായി 2020-21 ബജറ്റിൽ ഉൾപ്പെടുത്തി 32 കോടിയുടെ ഭരണാനുമതിയാണു ലഭിച്ചിട്ടുള്ളത്. നിർമാണ പ്രവർത്തിക്കുവേണ്ടി എൽഎ നടപടികൾ പൂർത്തിയാക്കുന്നതിനായി സാങ്കേതിക അനുമതിയും ലഭ്യമായിട്ടുണ്ട്. കൂടാതെ അക്വിസിഷൻ നടത്തിപ്പിനായി 15 ലക്ഷം രൂപയുടെ ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്. കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ നിലവിൽ 11 മീറ്റർ വീതി മാത്രമുള്ള ഠാണാ-ചന്തക്കുന്ന് റോഡ് 17 മീറ്റർ വീതിയിലാക്കി ബിഎംബിസി നിലവാരത്തിൽ മെക്കാഡം ടാറിംഗ് നടത്തിയാണു വികസിപ്പിക്കുന്നത്. വികസനത്തിനായി ഏകദേശം 160 സെന്റ് സ്ഥലമാണു ഏറ്റെടുക്കേണ്ടി വരുന്നത്. ഇതിനായുള്ള സർവേ നടപടികളെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു. പ്രസ്തുത 17 മീറ്റർ വീതിയിൽ 13.8 മീറ്റർ വീതിയിൽ റോഡും ബാക്കി 3.2 മീറ്റർ വീതിയിൽ നടപ്പാതകളോടു കൂടിയ കാനകളുമാണു ഉണ്ടായിരിക്കുക. ഇതിനു പുറമെ ട്രാഫിക് സേഫ്റ്റിക്കു വേണ്ടിയുള്ള ലൈൻ മാർക്കിംഗ്, റിഫ്ളക്ടറുകൾ, സൂചന ബോർഡുകൾ, ദിശ ബോർഡുകൾ എന്നിവയും സ്ഥാപിക്കും. വികസന പ്രവർത്തിയുടെ ഭാഗമായി കെഎസ്ഇബി പോസ്റ്റുകൾ, ബിഎസ്എൻഎൽ കേബിൾ പോസ്റ്റുകൾ, വാട്ടർ അഥോറിറ്റി പൈപ്പുകൾ എന്നിവയെല്ലാം മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടിയുമുണ്ടാകും. ബിഷപ് ഹൗസിനു സമീപം നടന്ന ഉദ്ഘാടന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയഗിരി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ വി.പി. സിന്റോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, വാർഡ് കൗൺസിലർ അഡ്വ. കെ.ആർ. വിജയ, അസിസ്റ്റന്റ് എൻജിനീയർ എം.ആർ. മിനി, ഓവർസിയർ അഞ്ജു സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
നിർമാണോദ്ഘാടനം വെറും പ്രഹസനമെന്ന് തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് നിർമാണോദ്ഘാടനം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ കാലാവധി തീരുന്ന ചിലർ നടത്തിയ വിലകുറഞ്ഞ നാടകവും പ്രഹസനവുമാണെന്നു മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി. റോഡ് വികസനത്തിന്റെ ആദ്യ നടപടിയായ സ്ഥലമെടുപ്പിനുള്ള പ്രാഥമിക പ്രവർത്തനം പോലും ഇതുവരെ നടത്തിയിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞാൽ നിർമാണ പ്രവർത്തനം ആരംഭിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇതു വെറും നാടകമാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ അംഗീകരിച്ച് 2014-15 ലെ ബജറ്റിൽ ഉൾക്കൊള്ളിക്കുകയും ആദ്യഘട്ടമെന്ന നിലയിൽ പതിനൊന്നു കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് പദ്ധതി പ്രവർത്തനത്തിന്റെ ആദ്യ ഘട്ടത്തിലേക്കു പ്രവേശിക്കുകയും ചെയ്തപ്പോൾ വസ്തുതകൾ മനസിലാക്കാതെ പദ്ധതിയെ വൈകിപ്പിക്കാനും നടപ്പാകാതിരിക്കാനും ശ്രമിച്ചവർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറു മാസത്തിനകം ഈ പദ്ധതി പൂർത്തികരിക്കുമെന്നു പ്രകടന പത്രികയിൽ ജനങ്ങൾക്കു ഉറപ്പു നൽകിയിരുന്നതാണ്. കാലാവധി തീരുമ്പോഴും നടപ്പിലാക്കാൻ സാധിക്കാത്തതിനെ തുടർന്നുണ്ടായ ജനരോഷത്തെ മറികടക്കാനാണു ഈ ഉദ്ഘാടനമെന്നും ഈ പദ്ധതി നടപ്പിലാക്കാൻ ആത്മാർത്ഥമായ നടപടി ആരു സ്വീകരിച്ചാലും പൂർണ പിന്തുണ നൽകുമെന്നും ഉണ്ണിയാടൻ പറഞ്ഞു.